ജ്യോതികയും കാർത്തിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘തമ്പി’. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തമ്പി’യുടെ ടീസർ പരിചയപ്പെടുത്തുകയാണ് മോഹൻലാൽ. ജീത്തുവിനും കാർത്തിയ്ക്കും ജ്യോതികയ്ക്കും ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ ചിത്രത്തിന്റെ ടീസർ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഇന്നലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ സൂര്യയും റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ സത്യരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും സൂരജ് സാധനയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയുടെയും നഗ്മയുടെയും സഹോദരനാണ് സൂരജ് സാധന. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘തമ്പി’.

ജെ ജെ ഫ്രെഡറിക് സംവിധാനം ചെയ്യുന്ന ‘പൊന്മകൾ വന്താൽ’ ആണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ജ്യേതിക ചിത്രം. രേവതിയ്ക്ക് ഒപ്പം അഭിനയിച്ച ‘ജാക്ക് പോട്ട്’ ആയിരുന്നു ഏറ്റവും ഒടുവിലായി തിയേറ്ററുകളിൽ എത്തിയ ജ്യോതിക ചിത്രം.

അതേസമയം, ‘കൈദി’യുടെ വിജയത്തിന്റെ സന്തോഷത്തിലാണ് കാർത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈദി’ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിജയ് ചിത്രം ‘ബിഗിലി’നൊപ്പം റിലീസ് ചെയ്ത ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കാർത്തിയുടെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന വിശേഷണവും ‘കൈദി’ സ്വന്തമാക്കിയിരിക്കുകയാണ്.

‘തമ്പി’യ്ക്ക് ഒപ്പം തന്നെ ജീത്തു ജോസഫിന്റെ ബോളിവുഡ് ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ജീത്തു. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൂടി ജീത്തു അനൗൺസ് ചെയ്തിട്ടുണ്ട്. കാളിദാസ് ജയറാമിനെയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’യാണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മലയാള ചിത്രം.

Read more: ഭക്ഷണവും യാത്രകളും ഞങ്ങളെ അടുപ്പിച്ചു; പ്രണയം വെളിപ്പെടുത്തി ജഗതിയുടെ മകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook