ഹിന്ദി ചലച്ചിത്രം ‘പദ്മാവതി’ നിരോധിക്കണമെന്ന് രാഷ്ട്രീയ രജപുത് കർണി സേന ആവശ്യപ്പെട്ടു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനി, ചിത്രം റിലീസ് ചെയാൻ അനുമതി നൽകിയ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി എന്നിവരെ സംഘടന രൂക്ഷമായി വിമർശിച്ചു.
“ചിത്രത്തെ പിന്തുണക്കുന്നതിലൂടെ എന്ത് നേട്ടമാണ് സർക്കാരിന് ലഭിക്കുക? ഹിന്ദുയിസം എന്തെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തന്ന എല്ലാ ഹിന്ദുത്വ പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്? കർണി സേനയുടെ പ്രസിഡന്റ് സുഖദേവ് സിംഗ് ഗോഗമേദി ചോദിച്ചു.
“ഒരു വിദേശ കമ്പനിയായ വൈകോം 18 മോഷൻ പിക്ചേഴ്സ് കേന്ദ്ര സർക്കാർ നോട്ടുകൾ പിൻവലിച്ച കാലത്ത് നിർമിച്ച സിനിമ ആണിത്. അന്ന് ജനങ്ങൾക്ക് 4000 രൂപപോലും ലഭിച്ചിരുന്നില്ല .സഞ്ജയ് ലീലാ ബൻസാലിക്ക് എങ്ങിനെ ഇത്രയും വലിയ ബഡ്ജററ്റിൽ 180 കോടി രൂപ ചിലവിൽ സിനിമ എടുക്കാൻ സാധിച്ചു. സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു.”
‘ഇപ്പോൾ ജയിലിൽ കഴിയുന്ന ഡേവിഡ് ഹെഡ്ലി വഴി സഞ്ജയ് ലീല ബൻസാലി ബ്രിട്ടനിൽ നിന്നും സിനിമക്ക് സർട്ടിഫിക്കറ്റ് പോലും സംഘടിപ്പിച്ചു. എന്തുകൊണ്ടാണ് ബൻസാലിയെ ജയിലിലടക്കാത്തത് ..ചോദ്യം ചെയ്യാത്തത്? സുഖ് ദേവ് സിംഗ് ആരാഞ്ഞു
സിനിമയുടെ പേരിലടക്കം 5 മാറ്റങ്ങൾ നിർദേശിച്ചു കഴിഞ്ഞ ആഴ്ചയാണ് സെൻസർ ബോർഡ് സിനിമ പ്രദർശിപ്പിക്കാനുള്ള അനുമതി നൽകിയത്. ചരിത്രകാരന്മാരടങ്ങുന്ന ഒരു സംഘം ചിത്രം കണ്ട് വിലയിരുത്തിയതിന് ശേഷമായിരുന്നു അനുമതി നൽകിയത്.
ചരിത്രകാരന്മാരുടെ സംഘത്തിലുൾപ്പെട്ട അരവിന്ദ് സിംഗ്, കെ കെ സിംഗ് എന്നിവർ ചിത്രം കണ്ടതിനു ശേഷം എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നതായി സുഖ്ദേവ് സിംഗ് പറഞ്ഞു. സിനിമ വലിയ പ്രതിക്ഷേധം ക്ഷണിച്ചു വരുത്തുമെന്ന് അവർ പറഞ്ഞതായി സുഖ്ദേവ് സിംഗ് ചൂണ്ടിക്കാട്ടി.
സെൻസർ ബോർഡ് മറ്റുള്ളവരുടെ അഭിപ്രായം ചെവികൊള്ളില്ലെങ്കിൽ പിന്നെ എന്തിനാണ് സംഘത്തെ ക്ഷണിച്ചതെന്നും അദ്ദേഹം ചോദിച്ചു .ചിത്രത്തിനെതിരെ വ്യാപകമായ പ്രതിക്ഷേധം അഴിച്ചു വിടുമെന്നും സ്മൃതി ഇറാനിയുടെയും പ്രസൂൺ ജോഷിയുടെയും കോലങ്ങൾ കത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.