ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവത് എന്ന ചിത്രം റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുകയും രജപുത്ര സമുദായത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നതാണെന്ന ആരോപണവുമായി കര്‍ണി സേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തിയേറ്ററുകള്‍ തകര്‍ക്കുകയും കത്തിക്കുകയും വരെ ചെയ്യുകയും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍, പത്മാവത് രജപുത്ര വംശത്തിന്റെ പ്രൗഢി ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് പ്രതിഷേധങ്ങള്‍ പിന്‍വലിച്ചു.

പത്മാവതിന് ശേഷം കര്‍ണി സേനയുടെ പ്രതിഷേധം കങ്കണ റണാവത്ത് നായികയായെത്തുന്ന ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിനെതിരെയാണ്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു സംഘടന. റാണി ലക്ഷ്മി ഭായിയും ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധം ചിത്രത്തില്‍ എത്തരത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് കര്‍ണി സേനയെ അസ്വസ്ഥരാക്കുന്നത്. തങ്ങളുടെ സംസ്‌കാരത്തിന് യോജിക്കാത്ത തരത്തില്‍ കങ്കണയുടെ കഥാപാത്രം ചിത്രത്തില്‍ നൃത്തം ചെയ്യുന്നുണ്ട് എന്നാണവര്‍ പറയുന്നത്.

‘ചിത്രത്തില്‍ മനഃപൂര്‍വ്വം ചില ഇക്കിളിപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്താന്‍ പല സിനിമാക്കാരും ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അസംബന്ധങ്ങള്‍ ഞങ്ങള്‍ക്ക് ക്ഷമിക്കാന്‍ സാധിക്കില്ല,’ കര്‍ണിസേനയുടെ ദേശീയ തലവന്‍ സുഖ്‌ദേവ് സിങ് ഷെഖാവത് പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇതേക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ സൂചിപ്പിച്ചിരുന്നുവെന്നും സുപ്രീംകോടതി അനുവദിച്ചിട്ടും പത്മാവത് പല സംസ്ഥാനങ്ങളിലും റിലീസ് ചെയ്യാന്‍ തങ്ങള്‍ അനുവദിച്ചില്ലെന്നും, മണികര്‍ണികയുടേയും ഗതി അതു തന്നെയാകുമെന്നും സുഖ്‌ദേവ് പറഞ്ഞു. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പ് തങ്ങളെ കാണിക്കണം എന്ന് നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അല്ലാതെ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിയേറ്റര്‍ ഉള്‍പ്പെടെയുള്ള വസ്തുകവകള്‍ നശിപ്പിക്കുകയും അതിന് തങ്ങള്‍ ബാധ്യസ്ഥരായിരിക്കില്ലെന്നും സുഖ്‌ദേവ് പറഞ്ഞു.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സെര്‍ട്ടിഫിക്കേറ്റ് നല്‍കിയതാണ്. എന്നാല്‍ അതില്‍ കാര്യമില്ലെന്നാണ് സുഖ് ദേവ് പറയുന്നത്. എന്നാല്‍ റാണിയ്ക്ക് ആരോടും എന്തെങ്കിലും ബന്ധമുള്ളതായി കാണിക്കുന്നില്ലെന്നും ചിത്രം ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ അത് മനസിലാകുമെന്നും പ്രൊഡക്ഷന്‍ ഹൗസ് വക്താവ് പ്രതികരിച്ചു.

‘സ്വന്തം മാതൃരാജ്യത്തിനു വേണ്ടിയുള്ള റാണിയുടെ പോരാട്ടങ്ങളും ധൈര്യവുമെല്ലാമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ ചിത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്,’ അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook