ബെംഗളൂരു: കാവേരി വിഷയത്തില്‍ തമിഴ്‌നാടിനെ അനുകൂലിച്ച് നിലപാടെടുത്ത സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ റിലീസ് അനുവദിക്കില്ല എന്ന നിലപാടിലാണ് കന്നഡ ജനങ്ങൾ. ഇപ്പോള്‍ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി തന്റെ നിലപാട് വ്യക്തമാക്കുകയാണ്.

‘ഈ വിവാദം എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ക്കും കര്‍ണാടക ഫിലിം ചേംബേഴ്‌സ് ഓഫ് കൊമേഴ്സിനും കാല ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമില്ല. ചില കന്നഡ അനുകൂല സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ട് എന്ന സമീപിച്ചിരുന്നു. ഈ ആവശ്യം പരിഗണിക്കുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും,’ കുമാരസ്വാമി വ്യക്തമാക്കി.

കര്‍ണാടകയിലെ രജനീകാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക്, ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വധഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ ബെംഗളൂരു പൌലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തലവന്‍ വിശാലും നടന്‍ പ്രകാശ് രാജും കര്‍ണാടകയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുന്നതിനായി ഫിലിം ചേംബര്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ജൂണ്‍ ഏഴിന് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

‘കാവേരി മാനേജ്മെന്റ് ബോര്‍ഡ് നിയമിക്കുന്നതില്‍ രജനീകാന്ത് എടുത്ത നിലപാടുകളിലുള്ള കര്‍ണാടകയിലെ ജനങ്ങളുടെ പ്രതിഷേധത്തെ മാനിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കാല പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു,’ കര്‍ണാടക ഫിലിം ചേംബേഴ്സ് ഓഫ് കൊമേഴ്സ് പ്രസിഡന്റ് സാ രാ ഗോവിന്ദു പറഞ്ഞു.

അതേസമയം, കന്നഡ സിനിമാ ലോകത്തിന് രജനീകാന്തിനോട് എതിര്‍പ്പില്ലെന്നും കാവേരി വിഷയത്തിലെ നിലപാടിനോടുള്ള പൊതുജനങ്ങളുടെ എതിര്‍പ്പ് മാനിച്ച് മാത്രമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവാണ് രജനിയുടെ സ്വന്തം നാട് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ