ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡിഗാർഡ്’. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും വൻ വിജയം നേടാൻ ചിത്രത്തിനായി. സൽമാൻ ഖാനും കരീന കപൂറുമായിരുന്നു ബോഡിഗാർഡിന്റെ ഹിന്ദി റീമേക്കിൽ നായികാനായകന്മാരായി എത്തിയത്. ബോഡിഗാർഡ് ഹിന്ദി റീമേക്ക് റിലീസ് ചെയ്തതിന്റെ പത്താം വാർഷികമായിരുന്നു ഇന്നലെ.
ചിത്രത്തിൽ കരീന കപൂർ ആയിരുന്നു നായികയെങ്കിലും ചേച്ചി കരീഷ്മയും ചിത്രത്തിൽ അദൃശ്യസാന്നിധ്യമായി ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. സൽമാൻ ഖാന്റെ ലൗവി സിംഗ് എന്ന കഥാപാത്രത്തെ ഇടയ്ക്കിടയ്ക്ക് ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്നത് കരിഷ്മയുടെ ശബ്ദമാണ്. കരീഷ്മയാണ് ഈ ഭാഗങ്ങൾ കരീനയ്ക്കായി ഡബ്ബ് ചെയ്തിരിക്കുന്നത്.
സഹോദരി കരീന അഭിനയിക്കുന്ന ചിത്രമെന്നതിലുപരി സൽമാനുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദമാണ് ബോഡി ഗാർഡ് എന്ന ചിത്രത്തിന് ഡബ്ബ് ചെയ്യാൻ കരീഷ്മയെ പ്രേരിപ്പിച്ചത്. 2018ൽ എന്റർടൈൻമെന്റ് കി രാത്-ലിമിറ്റഡ് എഡിഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ഇക്കാര്യം കരീഷ്മ തുറന്നു പറഞ്ഞിരുന്നു. “ബോഡിഗാർഡ് എന്ന സിനിമയിലെ ഛായയുടെ ശബ്ദമായിരുന്നു ഞാൻ. സിനിമയിലെ സൽമാന്റെ കഥാപാത്രത്തെ ബുദ്ധിമുട്ടിച്ചത് എന്റെ ശബ്ദമാണ്. സൽമാന് കരീനയേക്കാൾ അടുപ്പം എന്നോടുണ്ട്. ഞങ്ങൾക്കിടയിൽ വർഷങ്ങൾ നീണ്ട സൗഹൃദമാണുള്ളത്. സൽമാനെ സംബന്ധിച്ചിടത്തോളം കരീന ഒരു ചെറിയ സഹോദരിയെപ്പോലെയാണ്, സൽമാൻ ഇപ്പോഴും അവളെ ഒരു കുട്ടിയായി കണക്കാക്കുന്നു.”
അന്താസ് അപ്നാ അപ്ന, ഹം സാഥ് സാത്ത് ഹെ, ജുഡ്‌വാ, ജീത്ത്, ബീവി നമ്പർ 1, ദുൽഹൻ ഹം ലെ ജായേംഗെ, ചൽ മേരെ ഭായ് തുടങ്ങി നിരവധി ഹിറ്റ് പ്രോജക്ടുകളിൽ ഒന്നിച്ച് സഹകരിച്ചിട്ടുള്ളവരാണ് കരീഷ്മയും സൽമാൻ ഖാനും.
Read more: കരീനയുടെ സാമിപ്യം എന്നെ സമാധാനിപ്പിക്കുന്നു; മരുമകളെ കുറിച്ച് ശർമിള ടാഗോർ