കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ടി രക്തം ദാനം ചെയ്യാൻ തയ്യാറായി കോഴിക്കോട്ടെ ആശുപത്രികളിലെത്തിയവരുടെ കരുതലിന് കൈയടിച്ച് പ്രിയ നടൻ കുഞ്ചാക്കോ ബോബൻ.   കൊറോണ ഭീതിയിലും അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ കൈമെയ് മറന്ന് രംഗത്തിറങ്ങിയവരെയും അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്യാൻ മഴയെ വകവെക്കാതെ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂ നിൽക്കുന്നവരെയും അഭിനന്ദിക്കുകയാണ് കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ.

“കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്…. ഇതാണ് കരുതൽ,” കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ സിനിമാതാരങ്ങൾ അനുശോചനം അറിയിച്ചിരുന്നു. “കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ സങ്കടകരമായ ദിവസമാണ്. നമുക്കിടയിലെ ഭാഗ്യവാന്മാർ, സുഖസൗകര്യങ്ങളിൽ ഇരുന്ന് ലോകം പഴയരീതിയിലേക്ക് മടങ്ങാൻ കാത്തിരിക്കുമ്പോൾ മറ്റു പലർക്കും സന്തോഷകരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. ഈ വിഷമഘട്ടത്തെ അതിജീവിക്കാനും മുന്നോട്ടുപോവാനുമുള്ള ശക്തി എല്ലാവർക്കും ഉണ്ടാവട്ടെ. രാജമലയിലും കോഴിക്കോടും ഇന്ന് നമ്മളെ വിട്ടുപോയവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഖത്തിൽ പങ്കുചേരുന്നു, പ്രാർത്ഥനകൾ,” നടൻ പൃഥ്വിരാജ് കുറിക്കുന്നു.

അപകടത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങളും എമർജൻസി ഫോൺ നമ്പറുകളും ജനങ്ങളിലേക്ക് എത്തിക്കാൻ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉപയോഗപ്പെടുത്തുകയാണ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ.

Read More Stories on Karipur Airport Plane Accident

വെള്ളിയാഴ്ച രാത്രി 7.40നാണു കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി അപകടമുണ്ടായത്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 17 പേരാണ് അപകടത്തിൽ മരിച്ചു.

കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വിമാനം വീഴുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook