യൂട്യൂബിൽ ഏറെ ആരാധകരുള്ള വെബ് സീരിസുകളിൽ ഒന്നാണ് കരിക്ക്. കരിക്കിന്റെ പുതിയ സീരിസിൽ ചലച്ചിത്രതാരം ടൊവിനോ തോമസും അതിഥിയായി എത്തിയിരിക്കുകയാണ്. ജി ബോയ്സ് എന്നു പേരിട്ടിരിക്കുന്ന പുതിയ എപ്പിസോഡിലാണ് ടൊവിനോയുടെ മാസ് എൻട്രി. ഇന്നലെ വൈകിട്ട് അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് റെക്കോർഡ് ലൈക്കാണ് യൂട്യൂബിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 23,13,816 വ്യൂസും ആയി യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് പുതിയ എപ്പിസോഡ് ഇപ്പോൾ.

സിക്സ് പാക്ക് സ്വപ്നം കണ്ട് ജിമ്മിലെത്തുന്ന കരിക്ക് താരങ്ങളും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ടൊവിനോയും തമ്മിലുള്ള രംഗങ്ങൾ ചിരിയുണർത്തുന്നതാണ്. ഫുൾ അപ്പ് എടുക്കുന്ന ടൊവിനോയെ ചൊറിയുകയാണ് ജിമ്മിലെ അമ്മാവൻ. സിനിമയുടെ പിന്നാലെ നടന്ന് ജീവിതം നശിപ്പിക്കാതെ സ്ഥിരം ജോലിയ്ക്ക് പോയ്ക്കൂടെ എന്നാണ് അമ്മാവൻ വക ടൊവിനോയ്ക്കുള്ള ഉപദേശം. ഈ മസിൽ ഒക്കെ ഇൻഞ്ചെക്ഷൻ കുത്തിയുണ്ടാക്കിയതാണോ? എന്നായിരുന്നു ടൊവിനോയോട് ഉള്ള അടുത്ത ചോദ്യം. ‘അതെ, ദിവസം മൂന്നു ഇഞ്ചെക്ഷൻ എടുക്കും. പിന്നെ ഈ വർക്ക് ഔട്ട് ഒക്കെ ആളുകളെ പറ്റിക്കാൻ അല്ലേ?,’ എന്നാണ് ടൊവിനോയുടെ മറുപടി.

സിനിമാതാരങ്ങളോളം തന്നെ സമൂഹമാധ്യമങ്ങളിൽ സാധ്യതകളുള്ളവരാണ് കരിക്കിലെ ലോലനും ശംഭുവും ജോർജും ഷിബുവുമുൾപ്പെടെയുള്ള താരങ്ങൾ. 2016ല്‍ ഫെയ്സ്ബുക്ക് പേജിൽ നിന്നും തുടങ്ങിയ ‘കരിക്കി’ന്റെ യൂട്യൂബ് ചാനലിന് 2.7 മില്യൺ സബ്‌സ്ക്രൈബേഴ്സ് ആണ് ഉള്ളത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് കരിക്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് ആദ്യ വിഡിയോയെത്തിയത്.

ഫിഫ ലോകകപ്പ് വിഡിയോ ആണ് കരിക്ക് ടീമിനെ പ്രശസ്തമാക്കിയത്. പിന്നാലെ എത്തിയ ‘തേരാ പാരാ’ എന്ന മിനി വെബ് സീരിസും ശ്രദ്ധ നേടി. രസകരമായ അവതരണ ശൈലിയും സ്വാഭാവികമായ സന്ദർഭങ്ങളും സംഭാഷണ ശൈലിയുമാണ് കരിക്കിനെ വ്യത്യസ്തമാക്കുന്നത്. ടൊവിനോയ്ക്ക് മുൻപ് അജു വർഗീസ്, രജിഷ വിജയൻ എന്നിവരും കരിക്കിൽ അതിഥികളായി എത്തിയിരുന്നു.

Read more: ‘മീനവിയൽ’; വെബ് പരമ്പരയുമായി അർച്ചന കവിയും കൂട്ടുകാരും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook