ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ സഹോദരിയുമാണ് സോഹ അലി ഖാൻ. സോഹയുടെ ആദ്യ പുസ്തകമായ ‘ദി പെരിൽസ് ഓഫ് ബീയിങ് മോഡറേറ്റ്‌ലി ഫേമസി’ന്റെ പ്രകാശനം ഇന്നലെ മുംബൈയിൽ നടന്നു. ശർമിള ടാഗോർ, സെയ്ഫ് അലി ഖാൻ, കരീന, സാബ അലി ഖാൻ, സോഹയുടെ ഭർത്താവ് കുണാൽ കെമ്മു ഉൾപ്പെടെ ഖാൻ കുടുംബത്തിലെ ഒട്ടുമിക്ക പേരും ചടങ്ങിൽ പങ്കെടുത്തു.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് സ്റ്റേജിൽ ഖാൻ കുടുംബത്തിലെ അംഗങ്ങളുടെ സൗഹൃദ സംഭാഷണവും നടന്നു. അപ്പോഴാണ് കരീന തന്റ ഭർതൃ സഹോദരിയായ സോഹയെക്കുറിച്ച് വാചാലയായത്. ”കുടുംബത്തിലെ നട്ടെല്ലാണ് സോഹയെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുൾപ്പെടെയുളള എല്ലാവർക്കും സോഹ നൽകുന്ന പിന്തുണ പറഞ്ഞറിയിക്കാനാവില്ല. അവൾ തന്റെ അച്ഛനെ (മരണമടഞ്ഞ മൻസൂർ അലി ഖാൻ പട്ടൗഡി) നോക്കിയതുപോലെ മറ്റൊരു പെൺകുട്ടിയും ചെയ്യുമെന്ന് തോന്നുന്നില്ല. ഞാനും ഒരു മകളാണ്. പക്ഷേ സോഹയെപ്പോലെ എന്റെ അച്ഛനെ നോക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. ഒരു മകളും സോഹയെപ്പോലെ അച്ഛനെ പരിചരിക്കില്ല. സോഹ നിശ്ചയ ദാർഢ്യമുളള പെൺകുട്ടിയാണ്. സോഹ എല്ലാം തുറന്നു പറയുന്ന പെൺകുട്ടിയാണ്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് സോഹയാണ്” കരീന പറഞ്ഞു.

കരീനയുടെ വാക്കുകൾ കേട്ടതും സോഹയുടെ കണ്ണുകൾ നിറഞ്ഞു. സോഹയുടെ അടുത്തിരുന്ന സഹോദരൻ സെയ്ഫ് എന്തിനാണ് കരയുന്നതെന്ന് സോഹയോട് ചോദിക്കുകയും ചെയ്തു. ഇതിനു പെട്ടെന്ന് താൻ കരഞ്ഞുപോയെന്നായിരുന്നു സോഹയുടെ മറുപടി. കരീനയും സോഹയും നല്ല സുഹൃത്തുക്കൾ കൂടിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ