ബോളിവുഡിന്റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് കപൂർ കുടുംബത്തിലെ ഇളമുറക്കാരിയും പട്ടോഡി കുടുംബത്തിലെ മരുമകളുമായ കരീന. കരീനയുടെ ജന്മദിനാഘോഷപാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കരീനയുടെ സഹോദരിയും നടിയുമായ കരിഷ്മയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ കരീനയുടെ അച്ഛൻ രൺധീർ കപൂർ, അമ്മ ബബിത, കരീഷ്മ, സെയ്ഫ് അലിഖാൻ, കുനാൽ കപൂർ എന്നിവരെയും കാണാം.
1980 സെപ്റ്റംബർ 21 നാണ് കരീന ജനിച്ചത്. 2000-ൽ ജെ.പി. ദത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരീന അരങ്ങേറ്റം കുറിച്ചത്. അഭിഷേക് ബച്ചന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു ‘റെഫ്യൂജി’. എന്നാൽ ചിത്രം വിജയമായിരുന്നില്ല. കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച ‘മുജേ കുച്ച് കഹനാ ഹൈ’ യാണ്. പിന്നീട് അഭിനയിച്ച ‘കഭി ഖുശ്ശി കഭി ഖം’ എന്ന ചിത്രത്തിലെ കഥാപാത്രവും കരീനയെ ഏറെ പ്രശസ്തയാക്കി.
‘ടാഷൻ’, ‘കുർബാൻ’, ‘ഏജന്റ് വിനോദ്’ എന്നീ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച സെയ്ഫിനെ കരീന വിവാഹം ചെയ്യുന്നത് 2012 ലാണ്. സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു. നടി അമൃത സിങ്ങായിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സെയ്ഫിന് സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ടു മക്കളുണ്ട്.
Read more: ഞാൻ കരീനയുടെ ആരാധിക: സാറാ അലി ഖാൻ
2016 ഡിസംബർ 20 ന് സെയ്ഫ്-കരീന ദമ്പതികൾക്ക് ‘തൈമൂർ’ പിറന്നു. ഇപ്പോൾ രണ്ടാമത്തെ കൺമണിയ്ക്കായി കാത്തിരിക്കുകയാണ് സെയ്ഫും കരീനയും. കരീന ഗർഭിണിയാണെന്ന കാര്യം അടുത്തിടെയാണ് സെയ്ഫ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
ആമിർ ഖാൻ നായകനാവുന്ന ‘ലാൽ സിങ് ഛദ്ദ’യാണ് കരീനയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ ഡിസംബറിൽ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡിന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടിയിരിക്കുകയാണ്.