ബോളിവുഡിലെ താരറാണിയാണ് കരീന കപൂർ. കരീനയുടെ മകൻ തൈമുറിനും ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. നീല കണ്ണുകളുളള തൈമുർ 2016 ഡിസംബറിലായിരുന്നു പിറന്നത്. പിറന്നുവീണതു മുതൽ ബോളിവുഡിലെ സെലിബ്രിറ്റിയാണ് കുഞ്ഞു തൈമുർ. തൈമുറിന്റെ ഒന്നാം പിറന്നാൾ ആരാധകർ വലിയൊരു ആഘോഷമാക്കി മാറ്റിയിരുന്നു.

വളരുമ്പോൾ മക്കളെല്ലാം തങ്ങളുടെ പാത പിന്തുടരണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. ബോളിവുഡ് താരങ്ങൾ ഇതിൽനിന്നും മാറിചിന്തിക്കുകയാണ്. ബോളിവുഡിലെ കിങ് ഖാനോട് തന്റെ ഇളയ മകൻ അബ്രാം വളരുമ്പോൾ എന്താകണമെന്ന് ചോദിച്ചപ്പോൾ ഷാരൂഖ് പറഞ്ഞത് ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്ന ഹോക്കി താരം ആകണമെന്നാണ്. ഇതേ ചോദ്യം കരീന കപൂറിനോടും ചോദിച്ചു. ലോക്മത് മഹാരാഷ്ട്രീയൻ അവാർഡ്ദാന ചടങ്ങിനെത്തിയപ്പോഴായിരുന്നു കരീനയോട് തൈമുറിനെക്കുറിച്ചുളള ചോദ്യം ഉയർന്നത്.

ഇതിന് കരീന നൽകിയ മറുപടി ഇതായിരുന്നു, ”വളരുമ്പോൾ അവൻ ഏതു മേഖല തിരഞ്ഞെടുക്കണമെന്ന് ഞാൻ ആവശ്യപ്പെടില്ല, അവൻ സ്വയം തിരഞ്ഞെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. എങ്കിലും അവനൊരു ക്രിക്കറ്റ് താരമാകണമെന്നാണ് എന്റെ ആഗ്രഹം”.

കരീനയുടെ ഭർത്താവ് സെയ്ഫ് അലി ഖാന്റെ പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡി ക്രിക്കറ്ററായിരുന്നു. അതിനാൽതന്നെ മുത്തച്ഛന്റെ പാത പിന്തുടർന്ന് തൈമുർ ഒരു ക്രിക്കറ്റർ ആകാനാണ് കരീന ആഗ്രഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ