ബോളിവുഡ് താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ്​ അലിഖാന്റെയും മകൻ തൈമൂർ അലി ഖാൻ പാപ്പരാസികളുടെ പ്രിയപ്പെട്ട സ്റ്റാർ കിഡ് ആണ്. തൈമൂറിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാനായി പാപ്പരാസി ക്യാമറ കണ്ണുകൾ നിരന്തരം പട്ടോഡി കുടുംബത്തിലെ ഈ ഇളംതലമുറക്കാരനെ പിൻതുടരുകയാണ്. എന്നാൽ പാപ്പരാസികൾ മകനെ ഇങ്ങനെ പിൻതുടരുന്നതിലുള്ള ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിക്കുകയാണ് കരീന കപൂർ. പാപ്പരാസികളുടെ തൈമൂറിനു പിന്നാലെയുള്ള ഈ കറക്കം തന്നെ ഭയപ്പെടുത്തുന്നുവെന്നും കരീന തുറന്നു പറയുന്നു.

പോകുന്നിടത്തെല്ലാം പാപ്പരാസികൾ തൈമൂറിനെ പിൻതുടരുന്നതിൽ മുൻപും കരീനയും സെയ്ഫും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ ഒരഭിമുഖത്തിലാണ് മകന്റെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന, നിരന്തരം പിൻതുടരുന്ന ക്യാമറകൾ തന്നെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു എന്നു കരീന വെളിപ്പെടുത്തിയത്.

“വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണിത്. എല്ലായിടത്തും അവൻ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ പോവുന്നിടത്തെല്ലാം തന്നെ മീഡിയ ശ്രദ്ധിക്കുന്നുണ്ടെന്ന് അവനറിയാം. ‘മീഡിയ അവിടെയുണ്ട്’ എന്നു ഞങ്ങൾ പരസ്പരം പറയുന്ന വാക്കുകളും അവൻ പിക്ക് ചെയ്തെടുക്കുന്നുണ്ട്. ഫോട്ടോഗ്രാഫർമാർ അകലെ നിന്നുമാണ് അവർ പലപ്പോഴും ഷൂട്ട് ചെയ്യുന്നത്, അത് ആശ്വാസമാണ്. എന്നിരുന്നാലും നിത്യേനയെന്ന പോലെ ഇതാവർത്തിക്കുമ്പോൾ ഭയമുണ്ട്,” കരീന പറഞ്ഞു.

“അവനൊരു സാധാരണ ജീവിതമുണ്ടാകണമെന്നാണ് രക്ഷിതാക്കൾ എന്ന രീതിയിൽ ഞങ്ങളാഗ്രഹിക്കുന്നത്. അവനു മറ്റു കുട്ടികളെ പോലെ പുറത്തു പോവാനും കളിക്കാനും സ്ട്രീറ്റിലൂടെ നടക്കാനും കഴിയണം. എപ്പോഴും ദൂരെ നിന്ന് അവന്റെ ചിത്രങ്ങൾ പകർത്തുന്നവരോട്, ആ സമയം മറ്റാരുടെയെങ്കിലും ചിത്രങ്ങൾ എടുത്തുകൂടെ, പോകൂ, പോയി രൺവീർ സിംഗിനെ ക്ലിക്ക് ചെയ്യൂ,” കരീന കപൂർ പറയുന്നു.

Read more: തൈമൂറിനും വേണ്ടേ ഒരു റിലാക്‌സേഷനൊക്കെ: മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് പട്ടോഡി കുടുംബം

“ഒരു കുഞ്ഞെന്നാൽ ഒരു കുഞ്ഞ് മാത്രമാണ്, ആരും ആരുടെയും കുഞ്ഞുങ്ങളെ പിൻതുടരാൻ പാടില്ല. ഞങ്ങൾ അതിനെക്കുറിച്ച് ആശങ്കാകുലരാണ്. പലപ്പോഴും ഷൂട്ടിലാവുമ്പോൾ മീഡിയയിൽ വരുന്ന ചിത്രങ്ങളിലൂടെയാണ് അവനെന്താണ് ചെയ്യുന്നതെന്ന് ഞാനറിയുന്നത്. അതൽപ്പം ഭീതിദമായ അനുഭവമാണ്,” കരീന കൂട്ടിച്ചേർക്കുന്നു.

വളരെ വികൃതിയായ കുട്ടിയാണ് രണ്ടര വയസ്സുകാരനായ തൈമൂർ എന്നും തന്നേക്കാളും തൈമൂറിനു വേണ്ടി സെയ്ഫ് സമയം ചെലവഴിക്കുന്നത് കാണുമ്പോൾ സന്തോഷവും അത്ഭുതവും തോന്നാറുണ്ടെന്നുമാണ് കരീന പറയുന്നത്. “തൈമൂർ വളരെ വികൃതിയാണ്, അവന്റെ അച്ഛനെ പോലെ തന്നെയാണ്. സെയ്ഫ് പറയുന്നത് ഞാനവനെ വഷളാക്കുന്നു എന്നാണ്. അതു ചെയ്യരുത് എന്നു സെയ്ഫ് പലപ്പോഴും പറയും. എന്നേക്കാളും തൈമൂറിനെ പരിചരിച്ചുള്ള പരിചയം സെയ്ഫിനാണ്. തൈമൂറിന് വേണ്ടി ഇത്രയധികം സമയം സെയ്ഫ് മാറ്റി വയ്ക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്.”

Read more: തൈമൂറിന്റെ ചിത്രത്തിനായി കാത്തിരുന്ന പാപ്പരാസിയ്ക്ക് കാപ്പി കൊടുത്ത് സെയ്ഫ് അലി ഖാന്‍

ഏഴു വർഷം മുൻപാണ് സെയ്ഫും കരീനയും വിവാഹിതരാവുന്നത്. 2016 ഡിസംബർ 20 നാണ് സെയ്ഫ്- കരീന ദമ്പതികൾക്ക് തൈമൂർ പിറക്കുന്നത്. സമൂഹമാധ്യമങ്ങളിലും തൈമൂർ അലിഖാൻ എന്ന ഈ കൊച്ചുസുന്ദരന് ഏറെ ആരാധകരുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook