സിനിമയിൽ തുല്യ വേതനത്തിനു നടിമാർ ശബ്ദിക്കുന്നത് സാധാരണ കാരണമായി കാണണമെന്ന് കരീന കപൂർ ഖാൻ. ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ കരീന അഭിപ്രായം വ്യക്തമാക്കിയത്.
ബോളിവുഡിലെ നിർഭാഗ്യകരമായ ലിംഗ വേതന അസമത്വം ഉയർത്തി കാണിക്കാൻ കൂടുതൽ നടിമാർ രംഗത്തു വരുന്നതിൽ സന്തോഷമുണ്ട്. തന്റെ മൂല്യം തനിക്ക് അറിയാമെന്നും ചർച്ചകൾക്കിടെ അത് വ്യക്തമാക്കാൻ യാതൊരു മടിയുമില്ലെന്നും കരീന പറഞ്ഞു.
“കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഒരു സിനിമയിൽ ഒരു പുരുഷനും സ്ത്രീക്കും തുല്യ വേതനം ലഭിക്കുന്നതിനെക്കുറിച്ച് ആരും സംസാരിക്കില്ലായിരുന്നു. ഇപ്പോൾ നമ്മളിൽ പലരും അതിനെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്.”
അടുത്തിടെ രാമായണത്തിന്റെ പുനർനിർമ്മാണത്തിൽ സീതയായി അഭിനയിക്കുന്നതിന് പ്രതിഫലം വർധിപ്പിച്ചെന്നാരോപിച്ച് കരീനയെ വ്യാപകമായി ട്രോൾ ചെയ്തിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്നതിന് 12 കോടി രൂപ ആവശ്യപ്പെട്ടു എന്നതായിരുന്നു ആരോപണം. എന്നാൽ റിപ്പോർട്ടുകളോട് താരം നേരിട്ട് പ്രതികരിച്ചിട്ടില്ല. “എനിക്ക് എന്താണ് വേണ്ടതെന്നാണ് ഞാൻ വ്യക്തമാക്കുന്നത്, അതിന് ആ ബഹുമാനം ലഭിക്കണമെന്ന് ഞാൻ കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നു,” കരീന പറഞ്ഞു
നേരത്തെ, എൻഡിടിവി അഭിമുഖത്തിൽ ഇത് സംബന്ധിച്ച് കരീനയോട് ചോദിച്ചിരുന്നു, “എന്താണ് അടുത്തത്? ഈ വർഷം അവസാനം ആമിർ ഖാനൊപ്പം ഒരു സിനിമയുണ്ടെന്നും നിങ്ങൾക്ക് 12 കോടി രൂപ ലഭിക്കുന്നുണ്ടെന്നും നിങ്ങൾ 12 കോടി രൂപ ആവശ്യപ്പെടുന്നുവെന്നും അതിന് മറ്റു നടിമാർ നിങ്ങൾക്ക് പിന്തുണയുമായി എത്തിയെന്നും സംസാരമുണ്ടായിരുന്നു, പക്ഷേ അത് വ്യാജ വാർത്തയാണെന്ന് ഞാൻ കരുതുന്നു.” എന്നാൽ ചോദ്യത്തിന് കരീന നേരിട്ട് പ്രതികരിച്ചില്ല, തല കുലുക്കി, “അതെ, അതെ …” എന്നായിരുന്നു മറുപടി. കരീനയ്ക്ക് മറ്റ് മുൻനിര നടിമാരിൽ നിന്നും ധാരാളം പിന്തുണയും ലഭിച്ചിരുന്നു.
അഭിമുഖത്തിൽ വനിതാ സിനിമാപ്രവർത്തകരെ സംബന്ധിച്ച കാര്യങ്ങളാണ് താരം സംസാരിച്ചത്. അതിൽ ചില സ്ഥിരസങ്കല്പങ്ങളെ തകർക്കുന്നതിനെ കുറിച്ചും പറഞ്ഞു. വിവാഹത്തിന് ശേഷം വർഷങ്ങളോളം നടിമാർ അവരുടെ കരിയറിനോട് പൂർണമായും വിട പറയേണ്ടി വരുന്നു. എന്നാൽ 2012 ൽ സെയ്ഫ് അലി ഖാനെ വിവാഹം ചെയ്ത കരീന ജോലിയിൽ തുടരുക മാത്രമല്ല, തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ നേടുകയും അവരുടെ വൈവാഹിക ജീവിതത്തെയോ രണ്ട് ഗർഭധാരണത്തെയോ ബാധിക്കാതെ തുടരുകയും ചെയ്തു.
Also read: ലവ് യു ദീ; സ്നേഹം പങ്കിട്ട് നസ്രിയയും മേഘ്നയും, ചിത്രങ്ങൾ
അടുത്ത സുഹൃത്തുക്കൾ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ച്, തന്റെ മനസ്സ് പറയുന്നത് പിന്തുടരുകയാണെന്ന് കരീന പറഞ്ഞു. “ഞാൻ സെയ്ഫിനെ വിവാഹം കഴിച്ചപ്പോൾ, വിവാഹിതയായ നടിക്കൊപ്പം ജോലി ചെയ്യാൻ ഒരു നിർമ്മാതാവും ആഗ്രഹിക്കില്ല അതിനാൽ എന്റെ കരിയർ അവസാനിക്കുമെന്ന് പലരും പറഞ്ഞു. ആ സമയത്ത്, വിവാഹം കഴിച്ചു മറ്റൊരു ബോളിവുഡ് നടിയും ജോലി തുടർന്നിട്ടില്ലായിരുന്നു. പക്ഷേ ഞാൻ ചിന്തിച്ചത്: ശരി, അത് എന്റെ കരിയർ അവസാനിപ്പിക്കുകയാണെങ്കിൽ, അത് നല്ലതാണ്, അതാണ് എന്റെ വിധി. ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയെ ഞാൻ വിവാഹം കഴിക്കാതിരിക്കാൻ പോകുന്നില്ല.”
വിവാഹ ശേഷവും കരീന ജോലി തുടരുകയും രണ്ടു മക്കൾക്ക് ജന്മം നൽകുകയും ചെയ്തു, ആദ്യ ഗർഭകാലത്താണ് ഏക്താ കപൂറിന്റെ “വീരേ ഡി വെഡ്ഡിംഗിൽ” താരം അഭിനയിച്ചത്.
ആമിർ ഖാൻ നായകനായ ലാൽ സിംഗ് ചദ്ദയാണ് കരീനയുടെ ഇനി റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം, ഡിസംബറിൽ തിയേറ്ററുകളിൽ എത്തും എന്നാണ് കരുതുന്നത്.
സംവിധായകൻ ഹൻസൽ മേത്തയുടെ അടുത്ത ചിത്രത്തിൽ കരീന നിർമാതാവും ആകുന്നുണ്ട്, ചിത്രത്തിൽ കരീന അഭിനയിക്കുന്നുമുണ്ട്. കരീനയോടൊപ്പം ഏക്ത കപൂറും നിർമാതാവായുണ്ട്.