ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. കരീനയും സെയ്ഫും മൂന്നാമതൊരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന് അടുത്തകാലത്ത് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കിംവദന്തികൾക്ക് കാരണമായ തന്റെ വ്യാപകമായി പ്രചരിച്ച ഒരു ഫോട്ടോയെ കുറിച്ച് “ആരും കഥകൾ മെനയേണ്ട, അത് ഗർഭമല്ല, ഞാൻ കഴിച്ച പാസ്റ്റയും വൈനുമാണ്. ഇന്ത്യയുടെ ജനസംഖ്യയിലേക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട് സെയ്ഫ്,” എന്ന് കരീന മുൻപ് പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ, തന്റെ ഇല്ലാത്ത ഗർഭവുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ കരീന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താൻ 40 ദിവസത്തോളം അവധിയിലായിരുന്നുവെന്നും അന്നെത്ര പിസ്സകൾ കഴിച്ചുവെന്നതിന്റെ കണക്കില്ലെന്നും കരീന പറയുന്നു. “അവൾ ഗർഭിണിയാണോ? അവൾക്ക് മറ്റൊരു കുഞ്ഞ് കൂടി പിറക്കാൻ പോവുകയാണോ? ഇതിലൂടെ നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്. ഞാനെന്താ എന്തെങ്കിലും യന്ത്രമാണോ? എന്റെ തിരഞ്ഞെടുപ്പുകൾ എനിക്ക് വിടുക!” കരീന കൂട്ടിച്ചേർത്തു.
“സുഹൃത്തുക്കളെ ദയവായി കേൾക്കൂ, ഞങ്ങളും മനുഷ്യരാണ്, നിങ്ങളെ എല്ലാവരെയും പോലെ, ഇക്കാര്യം ഓർക്കുക. ഏറ്റവും സത്യസന്ധയായ അഭിനേതാവാണ് ഞാൻ. ഞാൻ എട്ട്-ഒമ്പത് മാസം ഗർഭിണിയായിരിക്കുമ്പോഴും, ജീവിതത്തിന്റെ ആ ഘട്ടത്തിലും ഞാൻ ജോലി ചെയ്യുകയായിരുന്നു. ഞാൻ ഒന്നും മറച്ചുവെക്കാത്ത ഒരാളാണ്. എല്ലാവർക്കും അവരുടെ ജീവിതം നയിക്കാൻ അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അതിന് അനുവദിക്കുകയും ചെയ്യുന്നയാൾ.”
2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി 2021 ഫെബ്രുവരി 21നാണ് കരീന – സെയ്ഫ് ദമ്പതികൾക്ക് ജെ ജനിച്ചത്.
റിലീസിന് ഒരുങ്ങുന്ന ‘ ലാല്‍ സിങ് ചദ്ദ’ യാണ് കരീനയുടെ പുതിയ ചിത്രം. തമിഴ് ചിത്രമായ ‘ വിക്രം വേദ’ യുടെ ഹിന്ദി റീമേക്കാണ് സെയ്ഫിന്റെ അടുത്ത ചിത്രം.