ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. മാതാപിതാക്കളെന്ന രീതിയിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനെക്കുറിച്ച് പലതവണ ഇരുവരും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുള്ളതാണ്. ഇപ്പോൾ തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ ബാലൻസ് ചെയ്യുന്നതിനെ കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതം ഇപ്പോൾ ഒറ്റകാലിൽ നിൽക്കുന്നത് പോലെയാണെന്നും എന്നാൽ യോഗയിൽ താൻ മിടുക്കിയായതുകൊണ്ട് കുഴപ്പമില്ലെന്നുമാണ് കരീന പറയുന്നത്.
“തൊഴിലും ജീവിതവും ബാലൻസ് ചെയ്യുന്നത് അക്ഷരാർത്ഥത്തിൽ ഒറ്റക്കാലിൽ നിൽക്കുന്നത് പോലെയാണ്, പക്ഷേ എനിക്ക് യോഗയിൽ നല്ല കഴിവുണ്ട്. ഒരേ തൊഴിലിൽ പ്രവർത്തിക്കുന്ന ഒരു ഭർത്താവിനെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. യാത്രകൾ ഞങ്ങൾ മറ്റൊരാളുടെ സമയം നോക്കി തീരുമാനിക്കുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്ന സ്റ്റാഫുകൾ ഉള്ളതാണ് മറ്റൊരു അനുഗ്രഹം,” കരീന കൂട്ടിച്ചേർത്തു.
വളരെ പ്ലാനിംഗോടെയാണ് താനും സെയ്ഫും ഷെഡ്യൂളുകൾ തീരുമാനിക്കുന്നതെന്നും കരീന പറഞ്ഞു. “ഞാൻ ഹൻസാൽ മേത്തയുടെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ, സെയ്ഫ് വീട്ടിലിരുന്ന് കുട്ടികളുടെ കാര്യങ്ങൾ നോക്കി. സെയ്ഫ് ഇപ്പോൾ അമൃതസറിൽ ചിത്രീകരണത്തിലായതിനാൽ മാർച്ച് വരെ ഞാൻ വീട്ടിലുണ്ടാകും. ജോലി പൂർത്തിയാക്കിയാൽ അദ്ദേഹം വീട്ടിലെ കാര്യങ്ങൾ ഏറ്റെടുക്കും. അപ്പോൾ ഞാൻ ‘ദി ക്രൂവി’ന്റെ ചിത്രീകരണത്തിനു പോവും. ഇത് വളരെ സൂക്ഷ്മമായ ആസൂത്രണമാണ്, പക്ഷേ നമ്മൾ നന്നായി ആസൂത്രണം ചെയ്താൽ നമുക്ക് എല്ലാം മനോഹരമായി മുന്നോട്ട് കൊണ്ടുപോവാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.”

കുട്ടികൾക്ക് ഒപ്പം എപ്പോഴും ഉണ്ടായിരിക്കുന്നതല്ല, അവർക്കൊപ്പം എത്രത്തോളം ക്വാളിറ്റി ടൈം ചെലവഴിക്കുന്നു എന്നതാണ് പ്രധാനമെന്നും കരീന കൂട്ടിച്ചേർത്തു. “നിങ്ങൾ നിങ്ങളുടെ കുട്ടികളുമായി ചെലവഴിക്കുന്ന സമയമല്ല, എത്രത്തോളം ശ്രദ്ധയും ഗുണനിലവാരമുള്ള സമയവും അവർക്കായി നൽകുന്നു എന്നതാണ് പ്രധാനമെന്ന് ഈ അഞ്ചാറു വർഷം കൊണ്ട് ഞാൻ പഠിച്ചു. കാരണം കുട്ടികൾ മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ശ്രദ്ധ കിട്ടാനാണ് ആഗ്രഹിക്കുന്നത്, അതാണ് അവർക്ക് വേണ്ടത്.”
കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ട് ആൺമക്കളാണ് ഉള്ളത്. ആറ് വയസ്സുകാരൻ തൈമൂർ അലി ഖാനും രണ്ടര വയസ്സുകാരൻ ജെഹ് അലി ഖാനും.
സുജോയ് ഘോഷിന്റെ ‘ദ ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ്’, ഹൻസാൽ മേത്തയുടെ കുറ്റാന്വേഷണ ചിത്രമായ ‘ദി ബക്കിംഗ്ഹാം മർഡേഴ്സ്’ എന്നീ പ്രൊജക്റ്റുകളുമായി തിരക്കിലാണ് കരീന. പാട്ടും നൃത്തവും ഗ്ലാമറുമൊക്കെ കൈകാര്യം ചെയ്യുന്ന കരീന കപൂറിനെ കണ്ടു ശീലിച്ചവർക്ക് ഹൻസൽ മേത്തയുടെ പുതിയ ചിത്രം വ്യത്യസ്തമായൊരു അനുഭവമാവും തരികയെന്നും താരം കൂട്ടിച്ചേർത്തു. “എന്നെ സംബന്ധിച്ചിടത്തോളം ഈ പ്രൊജക്റ്റ് വളരെ വ്യത്യസ്തമാണ്, കാരണം പാട്ടും നൃത്തവും ഗ്ലാമറും ഉള്ള എല്ലാ മുഖ്യധാരാ സിനിമകളിലും നിങ്ങൾ എന്നെ കണ്ടിട്ടുണ്ട്. എന്നാൽ എന്റെ പുതിയ രണ്ടു ചിത്രങ്ങളും ഞെട്ടിപ്പിക്കുന്ന തരത്തിൽ വ്യത്യസ്തമാണ്.”