ഷാഹിദ് കപൂർ-കരീന കപൂർ പ്രണയവും ബ്രേക്കപ്പുമെല്ലാം ബോളിവുഡിൽ പാട്ടായ ഒന്നാണ്. 4 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ബ്രേക്കപ്പായത്. അതിനുശേഷം ഇരുവരും പൊതുചടങ്ങിലെത്തിയാലും പരസ്പരം കാണുന്നതിന് അവസരം കൊടുക്കാറില്ല. എന്നാൽ അടുത്തിടെ നടന്ന ഫിലിംഫെയർ അവാർഡ് റെഡ്കാർപെറ്റിൽ ഇരുവരും കണ്ടുമുട്ടി.

ഷാഹിദ് കപൂറാണ് റെഡ്കാർപെറ്റിൽ ആദ്യം എത്തിയത്. വരുൺ ധവാനും പ്രതീക് ബാബറിനുമൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തശേഷം അവിടെ ഉണ്ടായിരുന്ന ചില സിനിമാ പ്രവർത്തകരുമായി ഷാഹിദ് സൗഹൃദ സംഭാഷണത്തിനായി പോയി. ഇതിനിടയിലാണ് റെഡ്കാർപെറ്റിലേക്ക് കരീനയെത്തിയത്. ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടയിലാണ് കരീന മുൻ കാമുകൻ ഷാഹിദിനെ കണ്ടത്. അപ്പോൾതന്നെ കരീനയുടെ മുഖം വല്ലാതായി. ചിത്രങ്ങൾക്ക് പോസ് ചെയ്യുമ്പോഴും കരീന പലപ്പോഴായി ഷാഹിദിനെ നോക്കുന്നുണ്ടായിരുന്നു.

അതിനുശേഷം കരീനയോട് മീഡിയയോട് സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും താരം തയ്യാറായില്ല. കുറച്ചുകഴിഞ്ഞ് താൻ സംസാരിക്കാമെന്ന് പറഞ്ഞ് കരീന പെട്ടെന്ന് സ്ഥലം വിട്ടു. ഷാഹിദാകട്ടെ കരീനയുടെ പ്രവൃത്തിയെല്ലാം കണ്ട് റെഡ്കാർപെറ്റിൽനിന്നും താരം മടങ്ങുന്നതുവരെ കാത്തുനിന്നു. കരീന മടങ്ങിയയുടൻ മീഡിയയോട് സംസാരിച്ച് മടങ്ങി. ഷാഹിദ് പോയെന്നു ഉറപ്പുവരുത്തിയ ശേഷമാണ് കരീന സംസാരിച്ചത്.

2007 ജബ് വീ മെറ്റ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഷാഹിദും കരീനയും പരസ്പരം അടുക്കുന്നത്. 4 വർഷത്തെ പ്രണയത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. 2016 ൽ ഇരുവരും ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പക്ഷേ ഇരുവരും തമ്മിലുളള ഒരു രംഗം പോലും ചിത്രത്തിലുണ്ടായിരുന്നില്ല. ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തും ഒരുമിച്ച് നിന്ന് ചിത്രങ്ങൾ പകർത്താൻ പോലും ഇരുവരും തയാറായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ