സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ ഝാന്‍സി റാണിയുടെ ജീവിതത്തെ ആസ്പദമാക്കിയ ബയോപിക് ചിത്രം ‘മണികർണിക: ദ ക്യൂൻ ഓഫ് ഝാൻസി’ റിലീസിനെത്തിയ അന്നു മുതൽ വിവാദങ്ങളുടെയും ട്രോളുകളുടെയും പ്രശംസകളുടെയും നടുവിലാണ് കങ്കണ റണാവത്ത്. ഇപ്പോൾ കങ്കണയേയും മണികർണികയേയും പ്രകീർത്തിച്ച് രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് താരം കരീന കപൂർ.

“കങ്കണയുടെ ‘മണികർണിക’യെന്ന ബയോപിക് ചിത്രം കാണാൻ എനിക്കേറെ ആഗ്രഹമുണ്ട്. കങ്കണയൊരു മികച്ച അഭിനേത്രിയാണ്. എനിക്കവളെ ഇഷ്ടമാണ്, ഞാൻ അവരെ ആരാധിക്കുന്നു. ഒരു ബ്രില്ല്യന്റ് അഭിനേത്രിയും ബുദ്ധിമതിയായ സ്ത്രീയുമാണ് കങ്കണ,” കരീന കപൂർ പറയുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു കരീനയുടെ വെളിപ്പെടുത്തൽ. ‘മണികർണിക’ ഇതുവരെ കാണാൻ സാധിച്ചില്ലെന്നും ഉടനെ കാണുമെന്നും സെയ്ഫ് ചിത്രം കണ്ട് കങ്കണയെ അഭിനന്ദിച്ചതായും വെളിപ്പെടുത്തി.

ബോളിവുഡ് തന്നെയും മണികർണികയേയും വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കങ്കണ പരാതിപ്പെട്ടിരുന്നു. “ഇൻഡസ്ട്രിയിലെ ആളുകൾക്കിടയിൽ നിന്നുള്ള പ്രതികരണം വളരെ ശോചനീയമാണ്, അവർ ഈ സിനിമയ്ക്കെതിരെ സംഘടിക്കുകയാണ്. ഒന്നും തന്നെ പറയാതെ അവർ ചിത്രത്തെ അവഗണിക്കുകയാണ്. അവരുടെ റാക്കറ്റ് ശക്തമാണ്, ചെറിയ നടന്മാർ പോലും രഹസ്യമായാണ് എനിക്ക് ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കുന്നത്. അവർക്കത് സമൂഹമാധ്യമങ്ങളിൽ എഴുതാൻ ഭയമാണ്. അങ്ങനെയാണ് സിനിമയ്ക്കെതിരെ നിൽക്കുന്ന ഗ്യാങ്ങ് പ്രവർത്തിക്കുന്നത്. മണികർണിക ഒരു സ്പെഷ്യൽ ചിത്രമാണ്. വളരെ സങ്കുചിതമായ മനസ്സുള്ള ആളുകളാണ് ഇൻഡസ്ട്രിയിൽ കൂടുതലുമെന്നാണ് ഞാൻ കരുതുന്നത്,” ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞതിങ്ങനെ.

Read more: ‘മണികർണിക’ എന്നെ കൂടുതൽ കരുത്തയായ വ്യക്തിയാക്കി: കങ്കണ റണാവത്ത്

മണികർണികയുടെ സംവിധാനത്തിലും കങ്കണ സജീവമായിരുന്നു. ഇഷു സെൻഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, സീഷൻ അയൂബ്, അങ്കിത ലോഖണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ബാഹുബലിയുടെയും ഭാഗ് മിൽഖാ ഭാഗിന്റെയും രചയിതാക്കളാണ് മണികർണയുടെയും തിരക്കഥ ഒരുക്കിയത്. സീ സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രാജ്‌കുമാർ റാവുവിന്റെ ‘മെന്റൽ ഹായ് ക്യാ’ ആണ് കങ്കണയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. അശ്വിനി അയ്യർ തിവാരിയുടെ ‘പൻഗ’യിലും കങ്കണ അഭിനയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook