അഭിമുഖങ്ങളിലും പൊതുവേദികളിലും സംസാരിക്കുമ്പോൾ ഏറെ സംയമനം പാലിക്കുന്ന കരീന കപൂറിനെയാണ് ഇപ്പോൾ നമുക്ക് കാണാനാവുക. എന്നാൽ കരിയറിന്റെ തുടക്കക്കാലത്ത് അഭിമുഖങ്ങളിൽ സിനിമ മേഖലയിൽ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞൊരു കാലവും കരീനയ്ക്ക് ഉണ്ട്. അത്തരത്തിൽ ശ്രദ്ധ നേടിയ ഒന്നാണ് 2000ൽ കരീന ഫിലിം ഫെയറിനു നൽകിയ അഭിമുഖം. സഹോദരി കരീഷ്മ അഭിനയിച്ച തരത്തിലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്കു താൽപ്പര്യമില്ലെന്നും സൽമാൻ ഖാന്റെ അഭിനയത്തോട് തനിക്ക് ഇഷ്ടക്കേട് ഉണ്ടെന്നും ഈ അഭിമുഖത്തിൽ കരീന തുറന്നു പറഞ്ഞിരുന്നു. അതിനൊപ്പം തന്നെ കഹോ നാ പ്യാർ ഹേ എന്ന ചിത്രം ഉപേക്ഷിക്കാനുള്ള കാരണവും. ഹൃത്വിക് റോഷന്റെ ‘കഹോ നാ പ്യാർ ഹേ’ ഒഴിവാക്കേണ്ടി വന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്നാണ് കരീന പറഞ്ഞത്.
2000ൽ അഭിഷേക് ബച്ചനൊപ്പം ‘റെഫ്യൂജി’ എന്ന ചിത്രത്തിലൂടെയാണ് കരീന അരങ്ങേറ്റം കുറിച്ചത്. എന്നാൽ അതിനുമുൻപ് കഹോ നാ… പ്യാർ ഹേ എന്ന ചിത്രത്തിൽ ഹൃത്വിക് റോഷനൊപ്പം അഭിനയിക്കാൻ കരീനയ്ക്ക് അവസരം ലഭിച്ചിരുന്നു. ഏതാനും രംഗങ്ങൾ ചിത്രീകരിച്ചതിനു ശേഷം, അമ്മ ബബിതയുടെ നിർദേശപ്രകാരം കരീന ആ പ്രൊജക്റ്റിൽ നിന്നും പിൻതിരിയുകയായിരുന്നു. കരീനയ്ക്ക് പകരം പിന്നീട് അമീഷ പട്ടേലാണ് ചിത്രത്തിൽ നായികയായത്.
താൻ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ തീർച്ചയായും ഒരു താരമാകുമായിരുന്നെന്നും എന്നാൽ താരമാവാൻ അല്ല നടിയായി അറിയപ്പെടാനാണ് താൻ ആഗ്രഹിച്ചതെന്നും കരീന പറയുന്നു. “ഹൃത്വിക്കിന് വേണ്ടിയാണ് ആ സിനിമ നിർമ്മിക്കപ്പെട്ടത്. ഹൃത്വിക്കിന്റെ ഓരോ ഫ്രെയിമിലും ക്ലോസപ്പിലും അദ്ദേഹത്തിന്റെ അച്ഛൻ രാകേഷ് റോഷൻ അഞ്ച് മണിക്കൂറോളം ചെലവഴിച്ചപ്പോൾ, അമീഷയ്‌ക്കായി അഞ്ച് സെക്കൻഡ് പോലും ചെലവഴിച്ചില്ല. അമീഷയുടെ മുഖത്ത് മുഖക്കുരുവും കൺതടങ്ങളിൽ കരുവാളിപ്പുമൊക്കെയുള്ള ഭാഗങ്ങൾ സിനിമയിലുണ്ട്. അമീഷയെ അത്ര സുന്ദരിയായി ചിത്രീകരിച്ചില്ല, എന്നാൽ ഹൃത്വിക്കിന്റെ ഓരോ ഷോട്ടും സ്വപ്നസമാനമായിരുന്നു. ഞാൻ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ, ചിലപ്പോൾ എനിക്ക് കുറച്ചുകൂടി മികച്ച ഡീൽ ലഭിക്കുമായിരുന്നു, പക്ഷേ പ്രേക്ഷകരുടെ ശ്രദ്ധ ഞങ്ങൾക്കിടയിൽ വിഭജിച്ചു പോവുമായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. അതുകൊണ്ട് ആ സിനിമ ചെയ്യാത്തതിൽ സന്തോഷമുണ്ട്. ആ സിനിമയിൽ നിന്ന് പിൻതിരിഞ്ഞിട്ടും ഞാനും ഹൃത്വിക്കും തമ്മിൽ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നതിലും എനിക്ക് സന്തോഷമുണ്ട്. അവൻ ഇപ്പോഴുമെന്റെ സുഹൃത്താണ്, അദ്ദേഹത്തിന്റെ വിജയത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഞങ്ങൾ രണ്ട് സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു,” കരീന പറഞ്ഞു.
കരീനയും ഹൃത്വിക്കും പിന്നീട് മെയ് പ്രേം കി ദീവാനി ഹൂൺ, കഭി ഖുഷി കഭി ഗം, മുജ്‌സെ ദോസ്തി കരോഗേ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
കരിയറിന്റെ തുടക്കത്തിൽ ഡേവിഡ് ധവാനെപ്പോലുള്ള സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതേ അഭിമുഖത്തിൽ കരീന പറയുന്നു. താൻ തന്റെ സഹോദരിയെപ്പോലെയല്ലെന്നും പലകാര്യങ്ങളും ഞങ്ങൾ ധ്രുവങ്ങളിലാണെന്നും കരീന കൂട്ടിച്ചേർത്തു. “എന്റെ സഹോദരി ഡേവിഡ് ധവാനോടൊപ്പമുള്ള ചിത്രങ്ങളിൽ അഭിനയിച്ചിരിക്കാം, പക്ഷേ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വ്യത്യസ്തയാവാൻ ധൈര്യപ്പെടുന്നു. നല്ല നിർമ്മാതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.”