കരീന കപൂറിനും സെയ്ഫ് അലി ഖാനും ഇത് ആഘോഷ സമയമാണ്. അടുത്തിടെ 2 കോടി രൂപ വിലയുള്ള ഒരു പുതിയ മെഴ്‌സിഡസ്-ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരദമ്പതികൾ. പുതിയ ബെൻസിൽ നാനിമാർക്കൊപ്പം സവാരി നടത്തുന്ന ഇളയമകൻ ജഹാംഗീറിന്റെ (ജെഹ്) വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് സെയ്ഫും കരീനയും 60 ലക്ഷത്തിലധികം വില വരുന്ന ഒരു ജീപ്പ് റാംഗ്ലറും സ്വന്തമാക്കിയിരുന്നു.
ഹൃത്വിക് റോഷനും സെയ്ഫും അഭിനയിച്ച വിക്രം വേദ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് സെയ്ഫ് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. വിക്രം വേദയുടെ വിജയാഘോഷത്തിന്റെ ഭാഗമാണോ ഇതെന്നാണ് ആരാധകർ സെയ്ഫിനോട് ചോദിക്കുന്നത്.
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രമായ പൊന്നിയിൻ സെൽവനൊപ്പമാണ് വിക്രം വേദ റിലീസ് ചെയ്തിരിക്കുന്നത്. പൊന്നിയിൻ സെൽവനുമായി കടുത്ത മത്സരം നടക്കുമ്പോഴും പോസിറ്റീവായ അവലോകനമാണ് വിക്രം വേദയ്ക്ക് ലഭിക്കുന്നത്.
കരീനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം ലാൽ സിംഗ് ഛദ്ദയാണ്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. ഡിവോഷൻ ഓഫ് സസ്‌പെക്റ്റ് എക്‌സ് എന്ന ചിത്രമാണ് വരാനിരിക്കുന്ന കരീന ചിത്രം.