കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? ബോളിവുഡിലെ കപൂർ കുടുംബവും തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഞായറാഴ്ചകൾ ആഘോഷമാക്കാറുണ്ട്. കരീഷ്മ കപൂർ തന്റെ വീട്ടിൽ സംഘടിപ്പിച്ച വിരുന്നിന്റെ ചിത്രങ്ങൾ കരീന കപൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നീട് ആലിയ ഭട്ട്, റൺബീർ കപൂർ എന്നിവരുടെ മകളെ കാണാനും കരീനയുടെ കുടുംബം എത്തി.
കരീനയുടെ ബന്ധുക്കളായ റിമ ജെയ്ൻ, നിതാഷ നന്ദ, സാഹൻ പൃഥ്വിരാജ് കപൂർ എന്നിവർക്കൊപ്പം സെയ്ഫ് അലി ഖാനിരിക്കുന്ന ചിത്രങ്ങൾ ഞായറാഴ്ച താരം പങ്കുവച്ചു. ‘ഫാംജാം’ എന്നാണ് കരീന ചിത്രത്തിനൊപ്പം കുറിച്ചത്. ഭക്ഷണത്തിന്റെ ചിത്രം ഷെയർ ചെയ്ത് ‘ലോലോയുടെ വീട്ടിലെ വിരുന്ന്’ എന്നും കുറിച്ചു. സഹോദരി കരീഷ്മയെ കരീന വിളിക്കുന്നത് ലോലോയെന്നാണ്.
കരീന, സെയ്ഫ്, കരീഷ്മ, നീതു കപൂർ എന്നിവർ ആലിയ- റൺബീർ ദമ്പതികളുടെ മകൾ റാഹയെ കാണാൻ ബാന്ദ്രയിലും എത്തി.
ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും റൺബീർ കപൂറും ശനിയാഴ്ച മുംബൈയിൽ വച്ച് മാധ്യമങ്ങളെ കണ്ടിരുന്നു. മകൾ റാഹയുടെ ചിത്രങ്ങൾ പകർത്തരുതെന്നാണ് താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.
2022 നവംബർ ആറിനാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ബോളിവുഡിലെ മിന്നും താരമായി തിളങ്ങി നിൽക്കുന്നതിനിടിയിലാണ് ആലിയയുടെ വിവാഹവും ഗർഭവും പ്രസവവും ഒക്കെ. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ആലിയയും രൺബീർ കപൂറും തമ്മിലുള്ള വിവാഹം. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു.