മുംബൈ: നടിമാര്‍ മാത്രമല്ല നടന്മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകാറുണ്ട്. ബോളിവുഡിലെ യുവനടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ രണ്‍വീര്‍ സിംഗ് തനിക്കുണ്ടായ അനുഭവം നാളുകള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രണ്‍വീറിനുണ്ടായ അതേ വ്യക്തിയില്‍ നിന്നു തന്നെ തനിക്കും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടെലിവിഷന്‍ താരമായ കരണ്‍ താക്കര്‍.

ടെലിവിഷന്‍ സീരിയലുകളിലൂടേയും റിയിലാറ്റി ഷോയുടെ അവതരണത്തിലൂടേയും ശ്രദ്ധേയനായ താരമാണ് കരണ്‍. ‘ ഞാന്‍ രണ്‍ീവിറിന്റെ ആ ഇന്റര്‍വ്യൂ കണ്ടു. അപ്പോഴാണ് തിരിച്ചറിയുന്നത്, ഇതേ ആള്‍ തന്നെയല്ലേ തന്നോടും അപമര്യാദയായി പെരുമാറിയതെന്ന്. അയാളൊരു കാസ്റ്റിംഗ് ഡയറക്ടറാണ്. കഠിനാധ്വാനം ചെയ്യുന്നോ അതോ ബുദ്ധിപരമായി നീങ്ങുന്നോ എന്നായിരുന്നു എന്നോടും ചോദിച്ചത്.” കരണ്‍ പറയുന്നു.

തന്നോടും രണ്‍വീറിനോടും മോശമായി പെരുമാറിയ ആള്‍ ഇന്നും കാസ്റ്റിംഗും മറ്റുമായി സിനിമാ രംഗത്തു സജീവമായി തുടരുന്നുണ്ടെന്നും കരണ്‍ പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു രണ്‍വീറിന് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടാകുന്നത്. കാസ്റ്റിംഗ് ഡയറക്ടറായ അയാള്‍ തന്നോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു എന്നുമായിരുന്നു രണ്‍വീറിന്റെ വെളിപ്പെടുത്തല്‍.

അതേസമയം അത്തരക്കാര്‍ ഇപ്പോഴും സജീവമാണെന്ന് കരണ്‍ പറയുന്നു. ‘ നിങ്ങള്‍ ഏത് വഴിയാണ് തെരഞ്ഞെടുക്കുക എന്നതിലാണ് കാര്യം. നല്ല കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ പറയുക.” താരം കൂട്ടിച്ചേര്‍ത്തു. 2012 ല്‍ പുറത്തിറങ്ങിയ സ്റ്റൂഡന്റ് ഓഫ് ദ ഇയറിന്റെ രണ്ടാം പതിപ്പില്‍ കരണും ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ