കരണ്‍ ജോഹര്‍-കങ്കണ റണാവത്ത് വാക്ക് പോര് ബോളിവുഡിന് പുതിയ കഥയല്ല. കരണ്‍ അവതരിപ്പിക്കുന്ന പരിപാടിയായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് കങ്കണയും കരണ്‍ ജോഹറും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. ഈ യുദ്ധം ഇപ്പോഴും അവസാനമില്ലാതെ തുടരുകയാണ്. കരണ്‍ തന്റെ ചിത്രങ്ങളില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ പറഞ്ഞതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
കങ്കണയുടെ പ്രസ്താവനയെ കുറിച്ച് ട്വിറ്റര്‍ സംവാദത്തില്‍ ചോദിച്ചപ്പോള്‍ മാന്യമായ രീതിയില്‍ കരണ്‍ മറുപടി നല്കി. എന്നാല്‍ അനുപം ചോപ്രയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേ കങ്കണയ്ക്കെതിരെ കരണ്‍ ശക്തമായി പ്രതികരിച്ചു. ഞാനെന്റെ സഹോദരങ്ങളെയും മരുമക്കളെയും കസിന്സിനെയും വച്ചിട്ടല്ല സിനിമ ചെയ്യുന്നത്, എനിക്കെന്തിനാണ് പക്ഷപാതം എന്ന് ചോദിച്ച കരണ്‍, ഇഷ്ടമല്ലെങ്കില്‍ കങ്കണ ബോളിവുഡ് ഇൻഡസ്ട്രി വിട്ട് പോകുന്നതാവും നല്ലത് എന്നും പറഞ്ഞു.
ഇതിന് കങ്കണയുടെ മറുപടി നല്ല കടുപ്പത്തിലായിരുന്നു. ഇന്ത്യന്‍ സിനിമ ഒരു ചെറിയ സ്റ്റുഡിയോ അല്ല എന്നും അത് കരണ്‍ ജോഹറിന്റെ അച്ഛന്റെ സംഭാവന അല്ല എന്നും കങ്കണ പറഞ്ഞു. ബോളിവുഡ് എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. മറ്റുള്ളവരോട് ബോളിവുഡ് വിട്ട് പോകാന്‍ കരണിന് എന്ത് അധികാരമാണുള്ളത്. ഞാന്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുംബൈ മിററിന് നല്കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.
വീണ്ടുമിതാ കങ്കണയും കരണും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയിരിക്കുകയാണ്. കരണും രോഹിത് ഷെട്ടിയും വിധികര്‍ത്താക്കളായ ഇന്ത്യാ നെക്സ്റ്റ് സൂപ്പര്‍ സ്റ്റാര്‍ എന്ന സെലിബ്രിറ്റി ചാറ്റ് ഷോയില്‍ അതിഥിയായാണ് കങ്കണ എത്തിയത്. ചര്‍ച്ചകളിലുടനീളം കരണിനോട് സൗഹാര്‍ദ്ദപരമായി സംസാരിക്കാന്‍ കങ്കണ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഗെയിം സെഷനില്‍ കരണ്‍ തന്റെ അതിഥികള്‍ക്ക് എന്തു നല്‍കും എന്ന ചോദ്യത്തിന് കങ്കണ നല്കിയ മറുപടി വീണ്ടും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടംവച്ചിരിക്കുകയാണ്. കരണ്‍ തന്റെ അതിഥികള്‍ക്ക് വിഷം വിളമ്പുമെന്നാണ് കങ്കണ പറഞ്ഞത്.