പ്രണയങ്ങളിൽ പ്രായോഗികത നിറയുന്നുവെന്നും സ്നേഹത്തിനേക്കാൾ കൂടുതൽ പ്രാധാന്യം കാമത്തിനാണെന്നും കരൺ ജോഹർ. ‘പെർഫെക്റ്റ് സ്ട്രോക്ക്സ്’ എന്ന വെബ് സീരീസിൽ സംസാരിക്കുന്നതിനിടെയായിരുന്നു ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണിന്റെ ഈ​ അഭിപ്രായപ്രകടനം.

“സിനിമയിലെ ഓൺസ്ക്രീൻ പ്രണയത്തിന്റെ സ്വഭാവം മാറിയിരിക്കുന്നു. ഫാസ്റ്റ് ഫുഡിനെ പോലെ എല്ലാം മാറിയിരിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് ഒരാൾ പ്രണയ കഥകൾ സൃഷ്ടിക്കുക? ഇന്നത്തെ ബന്ധങ്ങളിൽ ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണിൽ നോക്കിയിരുന്നും മൗനമായിരുന്നൊന്നും ഇക്കാലത്ത് പ്രണയം​ സൃഷ്ടിക്കൽ എളുപ്പമല്ല. ‘ചൗദ്‌വിൻ കാ ചാന്ദ്’, ‘കാഗസ് കെ ഫൂല്‍’ പോലുള്ള ചിത്രങ്ങളിലെല്ലാം അനശ്വരമായ പ്രണയമുണ്ട്, വാക്കുകളിൽ നിർവ്വചിക്കാനാവാത്ത സൗന്ദര്യമുണ്ട് ആ പ്രണയങ്ങൾക്ക്. ഇന്ന് അതെല്ലാം നഷ്ടമായിരിക്കുന്നു. ഇപ്പോൾ പ്രണയങ്ങളിൽ പ്രായോഗികത ആണ് നിറയുന്നത്”, കരൺ ജോഹർ പറഞ്ഞു.

“പഴയ കാലത്തെ പ്രണയം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലായെന്നു വരില്ല. അവർക്ക് താദാത്മ്യം പ്രാപിക്കാനാവാത്തൊരു കാലമായി അത് അനുഭവപ്പെട്ടേക്കാം. നാലക്ഷരമുള്ള ‘ലൗ’ എന്ന വാക്കിനെ ഇന്ന് നാലക്ഷരമുള്ള ‘ലസ്റ്റ്’ എന്ന വാക്ക് കീഴ്പ്പെടുത്തിയിരിക്കുന്നു. പ്രണയത്തിലേക്ക് നയിക്കുന്ന കാമം എന്ന രീതിയിൽ ചിത്രീകരിക്കപ്പെടുമ്പോൾ അത് വളരെ എളുപ്പം മനസ്സിലാകും”, നെറ്റ് ഫ്ലിക്സ് റിലീസായ ‘ലസ്റ്റ് സ്റ്റോറീസി’ലെ നാലു കഥകളിൽ ഒന്നിന്റെ സംവിധായകൻ കൂടിയായ കരൺ ജോഹർ കൂട്ടിച്ചേർത്തു.

Read More: Karan Johar: Lust is replacing love on-screen

പൂവണിയാത്ത പ്രണയത്തെ കുറിച്ച് പറഞ്ഞ ‘ഏ ദിൽ ഹെ മുഷ്‌കിൽ’ ആണ് എക്കാലത്തും തനിക്കേറെ പ്രിയപ്പെട്ട ചിത്രമെന്നും കരൺ പറയുന്നു. “തിരിച്ചു കിട്ടാതെ പോയ പ്രണയം എനിക്കുമുണ്ടായിട്ടുണ്ട്. എന്റെ സ്വകാര്യതയിൽ ഉണ്ടായ സംഭാഷണങ്ങൾ ആ സിനിമയ്ക്കു വേണ്ടി പുനരാവിഷ്കരിച്ചിട്ടുണ്ട്” കരൺ വ്യക്തമാക്കി.

‘കുച്ച് കുച്ച് ഹോതാ ഹേ’, ‘കഭി അല്‍വിദ നാ കെഹ്നാ’ തുടങ്ങിയ പ്രണയ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള ധാരാളം വിജയ സിനിമകളുടെ ശില്പിയാണ്  കരൺ ജോഹർ.

Karan Johar

ഒരു പ്രണയകഥയെ കുറിച്ച് ആലോചിക്കുമ്പോൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ചില കാര്യങ്ങളുണ്ട്. “എന്റെ വ്യക്തിപരമായ വിശ്വാസത്തെ കൂടി തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കണം.​ അത് അങ്ങനെയല്ലെങ്കിൽ അതിന് എന്റെ മനസ്സിൽ ജീവിക്കാനാവില്ല. അങ്ങനെ നോക്കുമ്പോൾ ഞാൻ വാണിജ്യപരമായ തെറ്റുകൾ വരുത്തുകയല്ല, ഉത്തമബോധ്യത്തോടെയുള്ള തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്തത്,” കരൺ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook