ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ബോളിവുഡ് താരങ്ങൾക്കായി തന്റെ വീട്ടിൽ ഒരുക്കിയ പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗിച്ചതായി ഒരു രാഷ്ട്രീയ നേതാവാണ് ആരോപിച്ചത്. കരൺ ജോഹർ പങ്കുവച്ച വീഡിയോ ട്വീറ്റ് ചെയ്താണ് ശിരോമണി അകാലിദൾ എംഎൽഎ മജീന്ദർ സിങ്ങ് ആരോപണം ഉന്നയിച്ചത്. ദീപിക പദുക്കോൺ, രൺബീർ കപൂർ, വിക്കി കൗശൽ, ഷാഹിദ് കപൂർ, വരുൺ ധവാൻ എന്നിവർ അടക്കമുളള താരങ്ങൾ പങ്കെടുത്ത പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗം നടന്നതിന്റെ തെളിവാണ് വീഡിയോയെന്നായിരുന്നു എംഎൽഎ പറഞ്ഞത്

എംഎൽഎയുടെ ആരോപണത്തിന് താരങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സംഭവം നടന്ന് ആഴ്ചകൾ പിന്നിടുമ്പോൾ വിവാദത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കരൺ ജോഹർ. അടിസ്ഥാനരഹിതമായ ആരോപണമെന്നാണ് മാധ്യമപ്രവർത്തകൻ രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിൽ കരൺ ജോഹർ പറഞ്ഞത്.

”കഠിനമായ ഒരാഴ്ചത്തെ ജോലിക്കുശേഷം പരസ്പരം സമയം ചെലവിടാനും ആഘോഷിക്കാനുമാണ് എല്ലാവരും ഒത്തുകൂടിയത്. വീഡിയോ വെറുതെ ഷൂട്ട് ചെയ്തതാണ്. വീഡിയോയിൽ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് പുറത്തുവിടാൻ ഞാൻ മണ്ടനൊന്നുമല്ല,” കരൺ ജോഹർ അഭിമുഖത്തിൽ പറഞ്ഞു

Read Also: ബോളിവുഡ് താരങ്ങള്‍ മയക്ക് മരുന്ന് ലഹരിയിലോ?: ചേരി തിരിഞ്ഞ് ട്വിറ്റർ ലോകം

വിക്കി കൗശലിന്റെ മുഖഭാവവും പെരുമാറ്റവും ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവായി ആരോപണം ഉയർന്നിരുന്നു. ഇതിനുളള മറുപടിയും കരൺ ജോഹർ പറഞ്ഞു. ”വിക്കിക്ക് ഡെങ്കിപ്പനി ആയിരുന്നു. പതുക്കെ മാറി വരികയായിരുന്നു. നാരങ്ങ പിഴിഞ്ഞൊഴിച്ച ചൂടുവെളളമാണ് അവൻ കുടിച്ചത്. പ്രകാശത്തിന്റെ നിഴലാണ് അവന് അടുത്തായിരുന്നതെന്തോ പൗഡറുപോലെ തോന്നിച്ചത്.”

സുഹൃത്തുക്കൾ ഒത്തുചേർന്നൊരു ചെറിയ പാർട്ടി മാത്രമായിരുന്നു അതെന്നും കരൺ ജോഹർ വ്യക്തമാക്കി. ”വീഡിയോ ഷൂട്ട് ചെയ്യുന്നതിനു 5 മിനിറ്റ് മുൻപുവരെ എന്റെ അമ്മ ഞങ്ങൾക്കൊപ്പം അവിടെ ഉണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേർന്ന് സമയം പങ്കിടുകയും, സംഗീതം കേൾക്കുകയും, നല്ല ഭക്ഷണം കഴിക്കുകയും ചെയ്ത് സന്തോഷത്തോടെയുളള ഒത്തുചേരൽ ആഗ്രഹിക്കുന്നൊരു കുടുംബമാണ് ഞങ്ങളുതേട്. അവിടെ മറ്റൊന്നും നടക്കാറില്ല,” കരൺ ജോഹർ പറഞ്ഞു.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് എന്തിനു മറുപടി പറയണമെന്നു കരുതിയാണ് താൻ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഭാവിയിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുണ്ടായാൽ നിയമപരമായി അതിനെ നേരിടുമെന്നും കരൺ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook