ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ‘മിന്നൽ മുരളി’ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബൽ ഹിറ്റ് ലിസ്റ്റിലും ‘മിന്നൽ മുരളി’യുണ്ട്. ഇപ്പോഴിതാ, മിന്നൽ മുരളി കണ്ട് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ തന്നെ നേരിട്ട് ടൊവിനോ തോമസിനെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.
“ഒടുവിൽ ഇന്നലെ രാത്രി മിന്നൽ മുരളി കാണാനുള്ള അവസരം ലഭിച്ചു, ഒരുപാട് രസിച്ചു. വളരെ സമർത്ഥമായി നിർമ്മിക്കുകയും വിനോദത്തിന്റെ അളവ് കൃത്യമായി നിലനിർത്തുകയും ചെയ്തിരിക്കുന്നു. ഒരു ക്ലട്ടർ ബ്രേക്കർ സൂപ്പർഹീറോ ചിത്രം. നിങ്ങളും അവിശ്വസനീയമായി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ. സന്തോഷം,” എന്നാണ് കരൺ ജോഹർ ടൊവിനോയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ കുറിക്കുന്നത്.
“ഇതുപോലുള്ള സന്ദേശങ്ങൾ! എല്ലാ മുക്കിലും മൂലയിലും നിന്ന് ലോകം മുഴുവൻ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുന്നത് എല്ലായ്‌പ്പോഴുമുള്ള ഒന്നല്ല. പ്രത്യേകിച്ചും കരൺ ജോഹറിനെ പോലെയുള്ള, നിരവധി എന്റർടെയ്നറുകൾ നൽകിയിട്ടുള്ള ഒരു പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഞങ്ങളുടെ ജോലിയെ അഭിനന്ദിക്കുമ്പോൾ, അത് തീർച്ചയായും അതിശയകരമായി തോന്നുന്നു. നിങ്ങൾ സിനിമ എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങളെ അറിയിച്ചതിന് നന്ദി സർ! നിങ്ങൾ ഇത് നന്നായി ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷം,” എന്ന കുറിപ്പോടെ ടൊവിനോ തന്നെയാണ് ഈ സന്തോഷം പങ്കുവച്ചത്.
ഡിസംബർ 24ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിൽ ടോപ് 10ൽ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാഴ്ച പൂർത്തിയാകുമ്പോൾ ഗ്ലോബൽ റാങ്കിങ്ങിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഇപ്പോൾ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിൽ ഉൾപ്പെടെ 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയിൽ മിന്നൽ മുരളിയുണ്ട്.
ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലുള്ള റാങ്കിങ്ങിലാണ് ദേശി സൂപ്പർ ഹീറോയുടെ ‘മിന്നൽ’ നേട്ടം. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ വാച്ച് ടൈമാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേടിക്കൊടുത്തിരിക്കുന്നത്. ബേസിൽ തന്നെയാണ് മുരളിയുടെ ഗ്ലോബൽ നേട്ടങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
Also Read: ‘മിന്നൽ മുരളി’ക്ക് നൽകുന്ന അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി; പുതിയ ചിത്രങ്ങളുമായി ടൊവിനോ
ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബഹാമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ടൊമിനിക്കന്‍ റിപബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടൂറാസ്, ജമൈക്ക, പനാമ, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വായ് എന്നിവിടങ്ങളിലെ ടോപ്പ് 10 പട്ടികയിലാണ് മിന്നല്‍ മുരളി ഇടംപിടിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലാണ്. ഏഷ്യയില്‍ ഇന്ത്യയിലെ ടോപ്പ് 10ല്‍ തുടര്‍ച്ചയായ രണ്ടാംവാരവും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചിത്രം. ഇതുകൂടാതെ ബഹ്റൈൻ, ബംഗ്ലാദേശ്, കുവൈത്ത്, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, പാക്കിസ്ഥാൻ, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളുടെയും ടോപ്പ് 10 ലിസ്റ്റില്‍ ‘മിന്നൽ മുരളി’യുണ്ട്.