കോഫി വിത്ത് കരണ്‍ ജോഹറില്‍ പങ്കെടുത്ത് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും വിവാദത്തില്‍ അകപ്പെട്ടതില്‍ ആദ്യമായി പ്രതികരിച്ച് കരണ്‍ ജോഹര്‍. പരിപാടിയില്‍ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമായിരുന്നു വിവാദമായത്. ഇതിന് പിന്നാലെ ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കുകയും ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍ പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. ‘അത് എന്റെ ഷോ ആയത് കൊണ്ട് തന്നെ അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. അത് എന്റെ വേദിയായിരുന്നു. പരിപാടി നല്ലത് ആയാലും മോശമായാലും അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. ഇത് ചിന്തിച്ച് എനിക്ക് ഒരുപാട് ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടായിട്ടുണ്ട്. ഈ നഷ്ടം എങ്ങനെ നികത്താനാകുമെന്നും ആര് എന്റെ വാക്ക് കേള്‍ക്കുമെന്നായിരുന്നു ചിന്ത. അത് ഇപ്പോള്‍ എന്റെ നിയന്ത്രണത്തിനും അപ്പുറത്ത് എത്തിയിരിക്കുകയാണ്,’ കരണ്‍ ജോഹര്‍ പറഞ്ഞു.

അതേസമയം ഇരുവരുടേയും പരാമര്‍ശം അനവശ്യമായിരുന്നെന്നും എന്നാല്‍ അന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ സ്വയം പ്രതിരോധിക്കുകയല്ല, പക്ഷെ സ്ത്രീകള്‍ അടക്കമുളള അതിഥികളോട് ചോദിക്കുന്ന ചോദ്യമാണ് ഞാന്‍ അവരോടും ചോദിച്ചത്. ദീപിക പദുകോണിനോടും ആലിയ ഭട്ടിനോടും ഇതേ ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ ലഭിക്കുന്ന ഉത്തരത്തില്‍ എനിക്ക് നിയന്ത്രണം ചെലുത്താനാവില്ല,’ കരണ്‍ ജോഹര്‍ വ്യക്തമാക്കി.

‘പാണ്ഡ്യയ്ക്കും രാഹുലിനും സംഭവിച്ചതില്‍ എനിക്ക് ഖേദമുണ്ട്. ഞാന്‍ റേറ്റിങ്ങ് ആസ്വദിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു, ടി.ആര്‍.പി ഞാന്‍ കണക്കിലെടുക്കാറില്ല. അവരുടെ പരാമര്‍ശം കൈവിട്ട് പോയതാണെന്ന് സമ്മതിച്ച് ഞാന്‍ ക്ഷമാപണം നടത്താം. അവരുടെ പരാമര്‍ശത്തിലും കൂടുതല്‍ അവര്‍ ഇപ്പോള്‍ അനുഭവിച്ചിട്ടുണ്ട്,’ കരണ്‍ ജോഹര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook