കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കങ്കണ റണൗട്ടിന് ചുട്ട മറുപടിയുമായി കരൺ രംഗത്ത്. സംവിധായകനും നിർമാതാവുമായ കരൺ ജോഹർ സിനിമയിൽ സ്വജനപക്ഷപാതത്തിന് ചുക്കാൻ പിടിക്കുന്നുവെന്നാണ് കങ്കണ ആരോപിച്ചത്. കരൺ ജോഹർ തന്നെ അവതാരകനായ കോഫീ വിത്ത് കരൺ എന്ന ചാറ്റ് ഷോയിലാണ് കങ്കണ ആഞ്ഞടിച്ചത്. എന്നാൽ അന്ന് അതിന് മറുപടി പറയാതിരുന്ന കരൺ ഇപ്പോൾ നടിക്ക് മറുപടി നൽകിയിരിക്കുന്നു.

‘കങ്കണ തന്റെ അഥിതിയായിരുന്നു. അതുകൊണ്ട് അവർ പറയുന്നത് ഞാൻ കേട്ടിരിക്കണം. അവർക്ക് അഭിപ്രായം പറയാനുളള അവകാശമുണ്ട്. പക്ഷേ ഞാൻ സിനിമയിൽ സ്വജനപക്ഷപാതം കാണിക്കാൻ ചുക്കാൻ പിടിക്കുന്നുവെന്ന് പറഞ്ഞാൽ എന്താണ് പക്ഷപാതം എന്ന് കങ്കണയ്‌ക്ക് മനസ്സിലായെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ എന്രെ മകന്റെയോ മകളുടെയോ മരുമകന്റെ കൂടെയോ ആണോ ജോലി ചെയ്യുന്നത്?

സിനിമ ഇൻഡസ്ട്രിയിൽ നിന്നല്ലാത്ത 15 സംവിധായകരെ കൊണ്ടുവന്നതിനെ എന്ത് പറയും? അവർക്കൊരു കരിയർ സിനിമയിൽ ഉണ്ടായത് എങ്ങനെയാണ്? അതിനൊന്നും ഞാൻ അംഗീകാരം നേടാൻ പാടില്ല. പക്ഷേ ഇതെല്ലാം സ്വജനപക്ഷപാതമാണോ? അഭിനേതാക്കളെ അവതരിപ്പിച്ചത് നോക്കിയാൽ ആലിയ ഭട്ടും വരുൺ ധവാനും ഒഴികെയുളളവരോ? അവർ എന്താണ് ഉദ്ദേശിച്ചത് എന്നെനിക്ക് മനസ്സിലാകുന്നില്ല, ‘ കരൺ തുറന്നടിച്ചു.

തുടർച്ചയായി ഇരയാക്കപ്പെടുന്നു എന്ന് തോന്നിയാൽ കങ്കണ സിനിമ മേഖല വിടണമെന്നും കരൺ പറഞ്ഞു. ‘സിനിമ മാഫിയ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഞങ്ങൾ എന്ത് ചെയ്യുന്നുവെന്നാണ് അവർ കരുതിയത്? ഇവിടെയിരുന്ന് അവർക്ക് സിനിമ നൽകുന്നില്ല എന്നാണോ? അതാണോ മാഫിയ? ഞങ്ങൾ വേഷങ്ങൾ കൊടുക്കുന്നത് ഞങ്ങളുടെ ഇഷ്‌ടമാണ്. ഞാൻ ചിലപ്പോൾ എന്രെ ചിത്രത്തിൽ കങ്കണയോടൊത്ത് ജോലി ചെയ്യാൻ താൽപര്യമില്ലാത്തതുകൊണ്ടാകാം. പക്ഷേ അതിനർഥം ഞാൻ സിനിമ മാഫിയ ഉണ്ടാക്കുന്നുവെന്നാണോ, ഞാൻ ഒരു അഭിപ്രായമുളള വ്യക്തിയായതുകൊണ്ടാണ്,’ കരൺ ആഞ്ഞടിച്ചു.

കങ്കണയ്‌ക്ക് അവരുടേതായ കാഴ്‌ചപ്പാടുകൾ ഉളളത് നല്ലതാണ്. ലോകം എല്ലാം കേൾക്കട്ടെ എന്നു കരുതി തന്നെയാണ് അത് എഡിറ്റ് ചെയ്യാതിരുന്നത്. അന്ന് അവർക്ക് പറയാനുളള പ്ലാറ്റ്ഫോം ആയിരുന്നു. അവർ പറഞ്ഞു. ഇന്ന് ഇതെനിക്ക് പറയാനുളള പ്ലാറ്റ്ഫോമാണ്. അതുകൊണ്ടാണ് എനിക്ക് പറയാനുളളത് പറഞ്ഞത്, കരൺ കൂട്ടിച്ചേർത്തു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നടന്ന ഒരു അഭിമുഖത്തിലാണ് കരൺ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ