സുശാന്ത് സിങ് രജ്പുതിന്റെ മരണം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ബോളിവുഡിലെ ഒരു വിഭാഗം കഴിവുള്ള അഭിനേതാക്കളോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള ആരോപണങ്ങളാണ് ബോളിവുഡിൽ നിന്നും ഉയരുന്നത്. സംവിധായകനും നിർമാതാവുമായ കരൺ ജോഹർ സ്വജനപക്ഷപാതത്തിന് ചൂട്ടുപിടിക്കുന്ന ആളാണെന്ന് നടി കങ്കണ റണാവത്ത് ആരോപിക്കുകയും ചെയ്തിരുന്നു.
മുൻപ് ‘കോഫി വിത്ത് കരൺ’ ചാറ്റ് ഷോയ്ക്കിടെ കരൺ ജോഹറും നടി ആലിയ ഭട്ടും സുശാന്ത് രജ്പുതിനെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയുള്ള വിവാദവും സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുകയാണ്. ഇപ്പോഴിതാ, ട്വിറ്ററിൽ ആലിയയ്ക്കും കരൺ ജോഹറിനെതിരെയുള്ള പ്രതിഷേധം ഇരമ്പുകയാണ്.
മൂന്നു ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ നാലുദിവസത്തിനിടെ കരൺ ജോഹറിനെയും ആലിയയേയും ട്വിറ്ററിൽ അൺഫോളോ ചെയ്തിരിക്കുന്നത്.
ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് മുപ്പത്തിനാലു വയസുകാരനായ സുശാന്തിനെ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ആറ് പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും അതിനു ശേഷമാണ് സുശാന്തിന് ക്ലിനിക്കൽ ഡിപ്രഷന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി അറിയാൻ സാധിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. “അദ്ദേഹത്തിന്റെ സഹോദരി, രണ്ട് മാനേജർമാർ, ഒരു പാചകക്കാരൻ, നടൻ മഹേഷ് ഷെട്ടി, കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ സ്ഥലത്തെത്തിയ കീമേക്കർ എന്നിവരുടെ മൊഴി ഞങ്ങൾ ഇതുവരെ രേഖപ്പെടുത്തി,” ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെ പറഞ്ഞു.
Read more: എന്റെ പാതി ഹൃദയം കൊണ്ടാണ് നീ പോയത്; സുശാന്തിന്റെ ഓർമകളിൽ കൂട്ടുകാരി കൃതി