scorecardresearch

പഠിക്കാൻ ധാരാളമുണ്ട് അദ്ദേഹത്തിൽ നിന്നും; മോഹൻലാലിനൊപ്പം അഭിനയിക്കാനൊരുങ്ങുന്ന നായികയ്ക്ക് സംവിധായകന്റെ ഉപദേശം

മോഹൻലാലിനൊപ്പം സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡിൽ നിന്നുമൊരു താരപുത്രി

മോഹൻലാലിനൊപ്പം സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡിൽ നിന്നുമൊരു താരപുത്രി

author-image
Entertainment Desk
New Update
Karan Johar| Shanaya Kapoor| Vrushabha| Mohanlal

മോഹൻലാൽ, ഷനയ കപൂർ

മഹീപിന്റെയും സഞ്ജയ് കപൂറിന്റെയും മകളായ ഷാനയ കപൂർ കരൺ ജോഹർ നിർമ്മിച്ച ബേധാഡക്കിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പിന്നീട് ആ പ്രൊജക്റ്റിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ അതിനിടയിൽ മറ്റൊരു വമ്പൻ സിനിമ കൂടി ഷാനയയെ തേടിയെത്തിയിരിക്കുകയാണ്. ഷനയയ്ക്ക് മോഹൻലാലിന്റെ പാൻ ഇന്ത്യാ ചിത്രമായ വൃഷഭയിൽ അവസരം കിട്ടിയിരിക്കുകയാണ്. കരൺ ജോഹറാണ് ചിത്രത്തിന്റെ സഹനിർമാതാവ്.

Advertisment

ഇപ്പോൾ ഷനയയെ കുറിച്ച് കരൺ ജോഹർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്. പാരമ്പര്യം കൊണ്ട് ഷനയയ്ക്ക് പ്രിവിലേജ് ഉണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ ഏറെ ദൃഢനിശ്ചയമുള്ളയാളാണ് ഷനയയെന്നും കരൺ ജോഹർ പറയുന്നു. കരൺ ജോഹറിന്റെ സഹ ഉടമസ്ഥതയിലുള്ള ധർമ കോർണർസ്റ്റോൺ ഏജൻസിയാണ് ഷനയയുടെ കരിയർ ഉപദേഷ്ടാക്കൾ.

ഒരു നീണ്ട ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, കരൺ ഷനയയുടെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിക്കുകയും അർപ്പണബോധത്തെ കുറിച്ച് വാചാലനാവുകയും ചെയ്യുന്നു. “ചില യാത്രകൾക്ക് വംശാവലിയുടെ ആനുകൂല്യ, പ്രിവിലേജ് തുടങ്ങിയ ടാഗുകൾ നൽകപ്പെടുന്നു. അതെല്ലാം ശരിയാണ്, എന്നാൽ ഷനയാ നിങ്ങളിൽ ഒരു കലാകാരിയാകാനും അതിനെ അഭിമുഖീകരിക്കാനും സ്വപ്നം കാണുന്ന ഒരു പെൺകുട്ടിയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ക്യാമറയെ അഭിമുഖീകരിക്കാൻ അത്രയധികം കഠിനാധ്വാനവും അഭിനിവേശവും നിങ്ങളിൽ ഞാൻ കാണുന്നു. നിങ്ങൾക്ക് ഇതൊരു മികച്ച അവസരമാണ്. ഇതിഹാസനായ മോഹൻലാൽ സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അദ്ദേഹത്തെ ഞാനും ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വൃഷഭ ഒരു പാൻ ഇന്ത്യൻ ചിത്രമാണ്, അത് ആഖ്യാനത്തിലൂടെയും ദൃശ്യമികവിനാലും ലോകത്തെ അത്ഭുതപ്പെടുത്തും."

Advertisment

ഷനയയ്ക്ക് ഈ അവസരം നൽകിയതിന് ചിത്രത്തിന്റെ നിർമാതാക്കളായ ഏക്താ കപൂറിനോടും വൃഷഭയുടെ മുഴുവൻ ടീമിനോടും കരൺ നന്ദി അറിയിച്ചു. “ഞങ്ങൾക്ക് ഈ അവസരം നൽകിയതിന് മുഴുവൻ ടീമിനോടും ഒരു കുടുംബമെന്ന നിലയിൽ ഞാൻ നന്ദി പറയുന്നു."

"നിങ്ങൾ തിളങ്ങൂ, പ്രിയപ്പെട്ട പെൺകുട്ടി. അവസാന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, തടസ്സങ്ങൾ വന്നാലും ലക്ഷ്യത്തിൽ നിന്നൊരിക്കലും വ്യതിചലിക്കരുത്! നിങ്ങളുടെ സ്ഥിരോത്സാഹം മുന്നോട്ടു നയിക്കും…. ഇനി വരാനിരിക്കുന്ന ആവേശകരമായ വാർത്തകൾ എന്താണെന്ന് നിങ്ങൾക്കും എനിക്കും അറിയാം, ലവ് യു," കരൺ കൂട്ടിച്ചേർത്തു.

"ഏതൊരു യുവതാരത്തെയും ആവേശഭരിതനാകുന്നതും അഭിനയിക്കാൻ പ്രചോദനം നൽകുന്നതുമായ വേഷമാണിത്. പ്രത്യേകിച്ച് ഒരാളുടെ കരിയറിന്റെ തുടക്കത്തിൽ. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. മോഹൻലാൽ സാറിനൊപ്പം ‘വൃഷഭ’ത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. അങ്ങേയറ്റം നന്ദിയുണ്ട്,” എന്നാണ് ചിത്രത്തെ കുറിച്ച് ഷനയ പ്രസ്താവനയിൽ പറയുന്നത്.

മോഹൻലാൽ, ഷനായ കപൂർ, സഹ്‌റ എസ് ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വൃഷഭ' ഈ മാസം അവസാനം നിർമ്മാണം ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുക. ഏകതാ ആർ കപൂറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ബഹുഭാഷാ പ്രോജക്റ്റിൽ നടൻ റോഷൻ മേക്കയും കൈകോർക്കുന്നുണ്ട്.

ബോളിവുഡിൽ ഇത് സ്റ്റാർ കിഡ്സിന്റെ അരങ്ങേറ്റകാലമാണ്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ എന്നിവരുടെയും അരങ്ങേറ്റ ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. സോയ അക്തറിന്റെ 'ദ ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് ഇവർ മൂന്നുപേരും അരങ്ങേറ്റം കുറിക്കുന്നത്.

Mohanlal Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: