ഇന്നു അവസാനത്തെ കൂടിച്ചേരലാണ്. ജാന്‍വിയുടേയും ഖുഷിയുടേയും ‘മോം’ ഇനിയില്ല. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തങ്ങള്‍ക്കേറ്റ വലിയ ആഘാതത്തില്‍ പാടേ ഉലഞ്ഞിരിക്കുകയാണ് കപൂര്‍-അയ്യപ്പന്‍-മര്‍വ കുടുംബങ്ങള്‍.

“ബോണി കപൂര്‍, ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവരും കപൂര്‍, അയ്യപ്പന്‍, മര്‍വ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളും ശ്രീദേവി കപൂറിന്‍റെ അകാല നിര്യാണത്തിന്‍റെ തീരാ ദുഃഖത്തിലും നടുക്കത്തിലുമാണ്. വലിയ സങ്കടത്തിന്‍റെ ഈ നേരത്ത് അവര്‍ക്കൊപ്പം നില്‍ക്കുന്ന, sensitive ആയി പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് അവര്‍ നന്ദി അറിയിക്കുന്നു.”, യഷ് രാജ് ഫിലിംസ് മുഖേന ഇറക്കിയ പത്രക്കുറിപ്പില്‍ കുടുംബാംഗങ്ങള്‍ അറിയിച്ചു. ശ്രീദേവിയുടെ മൃതശരീരം മുംബൈയില്‍ എത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അതില്‍ പറയുന്നു.

“ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് കുടുംബാംഗങ്ങളെ വിളിക്കാതിരിക്കാന്‍ ദയവായി ശ്രദ്ധിക്കുക”, എന്നും എന്ത് വിവരങ്ങള്‍ക്കും യഷ് രാജ് ഫിലിംസുമായി ബന്ധപ്പെടണം എന്നും പത്രക്കുറിപ്പില്‍ കുടുംബം അഭ്യര്‍ത്ഥിക്കുന്നു.

ഭര്‍ത്താവ് ബോണി കപൂറുമൊത്ത് ശ്രീദേവി

ഇന്നലെ അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. ശവസംസ്കാരം എവിടെയായിരിക്കുമെന്നോ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത് എവിടെയായിരിക്കുമെന്നോ എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് കപൂർ കുടുംബം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചത്. ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

അർജുൻ കപൂർ, രേഖ, റാണി മുഖർജി, കരൺ ജോഹർ, മനീഷ് മൽഹോത്ര, ഇഷാൻ ഖട്ടർ, ശിൽപ ഷെട്ടി, നിഖിൽ ദിവേദി, അനുപം ഖേർ തുടങ്ങിയർ മുംബൈയിലെ അനിൽ കപൂറിന്റെ വീട്ടിൽ എത്തിയിരുന്നു. അവിടെയാണ് ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയും ഇപ്പോൾ ഉളളത്.

ശ്രീദേവി, മക്കള്‍ ജാന്‍വി, ഖുശി

ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ഉടൻ മൃതദേഹം എംബാമിങ് ചെയ്യാനായി കൊണ്ടുപോകും. ഈ നടപടികൾ പൂർത്തിയാകാൻ ഒന്നര മണിക്കൂറോളം എടുക്കുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. പൊലീസ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതുൾപ്പെടെയുളള നടപടികൾ പൂർത്തിയാക്കണം. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിക്കണം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ശ്രീദേവിയുടെ പാസ്‌പോർട്ട് കാൻസൽ ചെയ്യുന്നതോടെ സ്വകാര്യ വിമാനത്തിൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ