മുംബൈ: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നവജ്യോത് സിങ് സിദ്ദുവിന് പിന്തുണയുമായി കപില്‍ ശര്‍മ്മ. പരാമര്‍ശത്തെ തുടര്‍ന്ന് സിദ്ദുവിനെ കപില്‍ ശര്‍മ്മ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ നടപടി ശരിയല്ലെന്നാണ് കപില്‍ ശര്‍മ്മയുടെ നിലപാട്. അതേസമയം, സര്‍ക്കാരിനെ താന്‍ പിന്തുണക്കുന്നതായും കപില്‍ ശര്‍മ്മ പറഞ്ഞു.
ആരെയെങ്കിലും പുറത്താക്കുന്നതോ വിലക്കുന്നതോ സിദ്ദുവിനെ ഷോയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതോ ശരിയായ പരിഹാരമല്ലെന്നും ശാശ്വത പരിഹാരമാണ് കണ്ടത്തേണ്ടതെന്നും കപില്‍ ശര്‍മ്മ പറഞ്ഞു. സിദ്ദുവിന് പകരം പരിപാടിയില്‍ കപിലിനൊപ്പം എത്തുന്നത് അര്‍ച്ചന പൂരന്‍ സിങ്ങാണ്. അതേസമയം, സിദ്ദുവിന് വേറെ ചില കമിറ്റ്‌മെന്റുകള്‍ ഉള്ളതിനാലാണ് അര്‍ച്ചനയെ കൊണ്ടു വന്നതൊണ് കപില്‍ പറയുന്നത്.
ഈ സമയം ഗവണ്‍മെന്റിനൊപ്പമാണെന്നും എന്നാല്‍ വേണ്ടത് ശാശ്വത പരിഹാരമാണെന്നും കപില്‍ അഭിപ്രായപ്പെട്ടു. അതേസമയം, സിദ്ദുവിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരേയും ലഭ്യമായിട്ടില്ല. തന്നെ മാറ്റിയതായി അറിയിച്ചിട്ടില്ലെന്നാണ് സിദ്ദു പറഞ്ഞത്. എന്നാല്‍ നടപടിയുണ്ടായാലും തന്റെ നിലപാടില്‍ നിന്നും മാറില്ലെന്നും സിദ്ദു വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിദ്ദുവിന്റെ പരാമര്‍ശത്തില്‍ സോണി ടിവി ചാനലിന് പഴി കേള്‍ക്കേണ്ടി വരുന്നതായും അനാവശ്യമായ വിവാദത്തിലേക്ക് പരിപാടിയെ കൂടി വലിച്ചിഴക്കുന്നതായും കാണിച്ചാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്.
‘ഭീകരര്‍ക്ക് മതമോ വിശ്വാസമോ ഇല്ല. നല്ലവരും മോശമായവരും വൃത്തികെട്ടവരും ആണ് ഉളളത്. എല്ലാ സംവിധാനങ്ങളിലും അത്തരക്കാരുണ്ട്. എല്ലാ രാജ്യങ്ങളിലും അത്തരക്കാരുണ്ട്. അത്തരം വൃത്തികെട്ടവര്‍ ശിക്ഷിക്കപ്പെടണം. പക്ഷെ ഇത്തരം ആക്രമണങ്ങള്‍ക്ക് വ്യക്തികളെ കുറ്റം പറയരുത്,’ എന്നായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം.