Kantara OTT: സമീപകാലത്ത് ഏറെ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി മുന്നേറുന്ന കന്നഡ ചിത്രം ‘കാന്താര’ ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്. എന്നാൽ ചിത്രത്തിൽ നിന്നും ‘വരാഹരൂപം’ എന്ന ഗാനം മാറ്റി പകരം മറ്റൊരു ട്രാക്കാണ് ഒടിടി വേർഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘വരാഹരൂപം’ എന്ന ഗാനം തങ്ങളുടെ ‘നവരസം’ പാട്ടിന്റെ കോപ്പിയടിയാണ് എന്നാരോപിച്ച് തൈക്കൂടം ബ്രിഡ്ജ് കോടതിയെ സമീപിച്ചിരുന്നു. അതിനെ തുടർന്നാണ് ‘കാന്താര’യിൽ നിന്നും ‘വരാഹരൂപം’ നീക്കം ചെയ്യാൻ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഗാനം നീക്കം ചെയ്തത് ആസ്വാദനത്തെ ബാധിക്കുന്നുവെന്നാണ് ഒടിടിയിൽ ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്.
ചിത്രത്തിന്റെ സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. 16 കോടി രൂപയ്ക്ക് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കർണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
‘കെജിഎഫ്’ നിർമ്മിച്ച ഹൊംബാലെ ഫിലിംസാണ് കാന്താരയുടെ നിർമാണം നിർവ്വഹിച്ചത്. റിഷഭ് ഷെട്ടിയ്ക്ക് ഒപ്പം സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തി. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.