അനവധി പ്രശംസകള്‍ നേടി തീയേറ്ററുകളില്‍ വിജയ യാത്ര തുടരുന്ന കന്നഡ ചിത്രമാണ് ‘കാന്താര’. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് തീയേറ്ററുകളിലെത്തിച്ചത്. മലയാളകരയിലും ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. കാന്താരയിലെ ഗാനത്തിനെ ചുറ്റിപ്പറ്റി വിവാദങ്ങളും കേസുമൊക്കെ നിലനില്‍ക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ സംവിധായകനും നായകനുമായ റിഷഭ് ഷെട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
ദീപാവലി ആശംസകളറിയിച്ച് കുടുംബത്തിനൊപ്പം റിഷഭ് പങ്കുവച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഭാര്യ പ്രഗതി ഷെട്ടിയാണ് കുടുംബ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. റിഷഭ്, ഭാര്യ പ്രഗതി, കുട്ടികള്‍ എന്നിവരെ ചിത്രങ്ങളില്‍ കാണാം. ‘ക്യൂട്ട് ചിത്രങ്ങള്‍’ എന്നാണ് ആരാധകരുടെ കമന്റുകള്‍.
മിത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം’കാന്താര’ ഹൂംബലെ ഫിലിംസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടി, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, സപ്തമി ഗൗഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 16 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 80 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. സെപ്തംബര്‍ 30 നായിരുന്നു ചിത്രം റിലീസിനെത്തിയത്.