സിനിമകളെ ഓർമിപ്പിക്കുന്ന ചില ജീവിതമുഹൂർത്തങ്ങളുണ്ട്, പ്രതികൂല സാഹചര്യങ്ങളിൽ മനസാന്നിധ്യത്തോടെ പെരുമാറി പോരാട്ടത്തിന്റെ പ്രതീകമായി മാറുന്നവരും. കണ്ണൂർ സ്വദേശിയായ യുവതിയാണ് ഇപ്പോൾ വാർത്തകളിലെ താരം. യാത്രാമധ്യേ ബസിൽവച്ച് ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ച് സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ് ഈ ഇരുപത്തിയൊന്നുകാരി.
കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ പിഎസ്സി കോച്ചിങ്ങ് വിദ്യാർത്ഥിയായ യുവതിയ്ക്കു നാട്ടിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവമുണ്ടായത്. നീലേശ്വരത്തിനടുത്തുനിന്ന് ബസിൽ കയറിയ ഒരാൾ ആരതിയെ ശല്യം ചെയ്യുകയായിരുന്നു. പല തവണ താക്കീത് നൽകിയിട്ടും ഉപദ്രവം തുടർന്നു. ബസിലുള്ള മറ്റാരും പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ പിങ്ക് പൊലീസിനെ വിളിക്കാനായി യുവതി ബാഗില്‍നിന്ന് ഫോണെടുത്തു.
അതിനിടെ, ബസ് കാഞ്ഞങ്ങാടെത്തിയപ്പോൾ ഇറങ്ങിയോടിയ ശല്യക്കാരന്റെ പിന്നാലെ യുവതി നൂറു മീറ്ററോളം ഓടി. ഇയാൾ രക്ഷപ്പെടുകയാണെങ്കിൽ തിരിച്ചറിയാനായി ഓട്ടത്തിനിടയിൽ പ്രതിയുടെ ഫൊട്ടോയെടുക്കാനും യുവതി മറന്നില്ല. ശല്യക്കാരനെ പിന്തുടർന്ന യുവതി ഒരു ലോട്ടറി സ്റ്റാളിന് സമീപത്തുനിന്നാണ് ശല്യക്കാരനെ പിടികൂടിയത്. സമീപ കടക്കാരോട് യുവതി കാര്യം പറഞ്ഞപ്പോൾ പ്രതിയെ തടഞ്ഞുവയ്ക്കാൻ നാട്ടുകാരും ആരതിയ്ക്ക് ഒപ്പം കൂടി. മിനിറ്റുകൾക്കകം കാഞ്ഞങ്ങാട് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമയോചിതമായ ഇടപെടലിലൂടെ പ്രതിയെ കുടുക്കിയ യുവതിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. നവ്യ നായർ നായികയായ അടുത്തിടെ റിലീസ് ചെയ്ത ‘ഒരുത്തീ’ എന്ന സിനിമയിലും സമാനമായ ഒരു സാഹചര്യമാണ് ഉള്ളത്. മാല പൊട്ടിച്ചു ഓടിയ കള്ളനെ മണിക്കൂറുകളോളം പിന്തുടർന്ന് പിടിച്ച് പൊലീസിനെ ഏൽപ്പിക്കുകയാണ് ഒരുത്തീയിലെ നായിക.
- എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.