ബോക്സോഫിൽ തരംഗം തീർക്കുകയാണ് കന്നഡ താരം യാഷ് നായകനായ ‘കെജിഎഫ്’. മലയാളം, തമിഴ് ഉൾപ്പെടെ ആറു ഭാഷകളിലാണ് ഡിസംബർ 21 ന് ചിത്രം തിയേറ്ററുകളിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽതന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയെന്നായിരുന്നു വാർത്തകൾ.

മലയാളികളെ സംബന്ധിച്ചിടത്തോളം യാഷ് പുതുമുഖമാണെന്നാണ് പലരും കരുതിയത്. പക്ഷേ മലയാള സിനിമകൾ കാണാറുള്ള യാഷിന് മലയാളം അത്ര പുതിയതല്ല. അടുത്തിടെ താരം നൽകിയ ഒരഭിമുഖത്തിൽനിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അഭിമുഖത്തിനിടയിൽ മലയാളത്തിൽ സംസാരിക്കുകയും മോഹൻലാലിന്റെ ഹിറ്റ് സിനിമയിലെ ഹിറ്റ് ഡയലോഗ് മലയാളി പ്രേക്ഷകർക്കായി യാഷ് പറയുകയും ചെയ്തു.

ഏതെങ്കിലും മലയാള സിനിമയിലെ ഒരു ഡയലോഗ് പറയാനാണ് യാഷിനോട് ആവശ്യപ്പെട്ടത്. മോഹൻലാൽ നായകനായ രാവണപ്രഭുവിലെ ഹിറ്റ് ഡയലോഗ് സവാരി ഗിരി ഗിരി പറഞ്ഞാണ് യാഷ് ഞെട്ടിച്ചത്. മലയാളം ഡയലോഗ് മാത്രമല്ല മലയാളം പാട്ടും തനിക്ക് അറിയാമെന്ന് പറഞ്ഞ യാഷ്, പാടുകയും ചെയ്തു.

ഷാൻ റഹ്മാൻ സംഗീതം നൽകിയ ഹിറ്റ് ആൽബത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ‘പലവട്ടം കാത്തുനിന്നു ഞാൻ’ എന്ന ഗാനമാണ് യാഷ് പാടിയത്. അതിനുശേഷം എല്ലാ മലയാളികളോടും കെജിഎഫ് സിനിമ കാണണമെന്ന് മലയാളത്തിൽ ആവശ്യപ്പെടുകയും ചെയ്തു. സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ കെജിഎഫിന്റെ സംവിധായകൻ. ശ്രീനിധി ഷെട്ടിയാണ് നായിക. ‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെജിഎഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. രണ്ടുഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തത്. നീണ്ട മൂന്നുവർഷങ്ങളെടുത്താണ് പ്രശാന്ത് നീൽ ഈ ചിത്രം പൂർത്തിയാക്കിയത്.

കന്നഡ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ‘കെജിഎഫ്’. ആർട്ട് ഡയറക്ടർ ശിവകുമാർ ഒരുക്കിയ സെറ്റുകൾക്ക് മാത്രം 30 കോടി രൂപയിലേറെ ചെലവു വന്നുവെന്നാണ് അണിയറവാർത്തകൾ. തമിഴിൽ വിശാൽ ഫിലിം ഫാക്ടറിയും ഹിന്ദിയിൽ ഫർഹാൻ അക്തറുമാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook