scorecardresearch
Latest News

അപ്പൂ, ഞങ്ങളുടെ ഹൃദയം തകർത്ത് നീയെന്തിനാണ് പോയത്?; പുനീതിന്റെ മരണത്തിൽ നടുങ്ങി സഹപ്രവർത്തകർ

മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, ഭാവന, നവ്യ നായർ, ടൊവിനോ, പാർവതി എന്നിവരെല്ലാം ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്

അപ്പൂ, ഞങ്ങളുടെ ഹൃദയം തകർത്ത് നീയെന്തിനാണ് പോയത്?; പുനീതിന്റെ മരണത്തിൽ നടുങ്ങി സഹപ്രവർത്തകർ

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാറിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പുനീതിനെ പ്രവേശിപ്പിച്ചത്. എന്നാൽ താരത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.

Read more: കന്ന‍ഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു

നാൽപ്പത്തിയാറുകാരനായ പുനീതിന്റെ മരണം വിശ്വസിക്കാനാവുന്നില്ല എന്നാണ് സഹപ്രവർത്തകരുടെ പ്രതികരണം. “പറയാൻ വാക്കുകളില്ല. ഞാൻ തകർന്നു പോയിരിക്കുന്നു. അപ്പൂ എന്താണിത്? എന്തിനാണ് ഞങ്ങളുടെ ഹൃദയം തകർത്തുകളഞ്ഞ് നീ പോയത്? തിരിച്ചുവരൂ അപ്പൂ. രത്നം പോലെയുള്ള നീ തീർച്ചയായും ഞങ്ങൾക്ക് ചുറ്റുമുണ്ടായിരിക്കണം,” എന്നാണ് വേദനയോടെ ഖുശ്ബു കുറിക്കുന്നത്.

മലയാളത്തിൽ നിന്നും നടൻ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, പാർവതി തിരുവോത്ത്, ഭാവന, ടൊവിനോ തോമസ്, നവ്യ നായർ, ഉണ്ണി മുകുന്ദൻ, ഗിന്നസ് പക്രു തുടങ്ങി നിരവധി പേർ പുനീതിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

“നടുക്കത്തോടെയും വേദനയോടെയുമാണ് പുനീതിന്റെ മരണവാർത്ത കേട്ടത്. സിനിമാലോകത്തിനു തന്നെ വലിയൊരു നഷ്ടമാണിത്. പുനീതിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവരുടെയും ദുഖത്തിൽ പങ്കുചേരുന്നു,” മമ്മൂട്ടി കുറിച്ചു.

പുനീതിന്റെ നായികയായി മൂന്നു സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച ഭാവനയും മരണവാർത്ത കേട്ട നടുക്കത്തിലാണ്. പുനീതിനൊപ്പമുള്ള വീഡിയോയും ഹൃദയസ്പർശിയായ ഒരു കുറിപ്പും ഭാവന പങ്കുവച്ചിരിക്കുന്നു.

“അപ്പൂ… ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്! കന്നഡയിലെ എന്റെ ആദ്യ നായകൻ, എന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകരിൽ ഒരാൾ. മൂന്നു സിനിമകൾ ഒന്നിച്ചഭിനയിച്ചു. ഒരുപാട് ഓർമകൾ, ചിരികൾ അവയെല്ലാം നിന്നോടൊപ്പം എന്നും നിലനിൽക്കും. നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും, നേരത്തെ പോയി കളഞ്ഞല്ലോ,” ഭാവന കുറിക്കുന്നതിങ്ങനെ.

“ഇത് വല്ലാതെ വേദനിപ്പിക്കുന്നു. വിട, സൂപ്പർസ്റ്റാർ, നിത്യശാന്തി നേരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ദശലക്ഷകണക്കിന് ആരാധകർക്കും ഈ വേദനയെ താങ്ങാനുള്ള കരുത്തുണ്ടാവട്ടെ,” പൃഥ്വി കുറിച്ചു.

“വല്ലാതെ വേദിക്കുന്നു, അത് പറഞ്ഞറിയിക്കാനാവില്ല,” എന്നാണ് പുനീതിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി കുറിച്ചത്.

“ഏറ്റവും ദയയും ഊഷ്മളതയുമുള്ള അഭിനേതാവുംജെന്റിൽമാനും. പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അദ്ദേഹത്തിന്റെ കടലുപോലെ കിടക്കുന്ന ആരാധകസമൂഹത്തിനും നികത്താനാവാത്ത ഈ നഷ്ടത്തെ അതിജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” എന്നാണ് നടൻ ദുൽഖർ സൽമാൻ കുറിച്ചത്.

“വളരെ എളുപ്പത്തിൽ പോയി കളഞ്ഞല്ലോ ബ്രദർ,” എന്നാണ് ആദരാഞ്ജലി അർപ്പിച്ച് ടൊവിനോ തോമസ് കുറിക്കുന്നത്.

അഭിഷേക് ബച്ചൻ, സിദ്ധാർത്ഥ്, തൃഷ, തമന്ന, അനുഷ്ക ഷെട്ടി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

“ചിലപ്പോൾ നാം നിമിഷങ്ങളെ വിലമതിക്കാറില്ല, അത് ഇല്ലാതാകുന്നതുവരെ. അപ്പു, വളരെ സ്നേഹമുള്ള ഒരു നല്ല മനുഷ്യനായിരുന്നു. വലിയ വേദനയാണിത്, തീരാനഷ്ടവും,” രാധികാ ശരത്കുമാർ കുറിച്ചു.

Also Read: നടന്‍ രജനികാന്ത് ആശുപത്രിയില്‍

ആരാധകർക്കിടയിൽ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. കന്നട സിനിമാലോകത്തെ പവർ സ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. കുട്ടിക്കാലത്തു തന്നെ സിനിമയിലെത്തിയ പുനീത് 1985ൽ ബെറ്റെഡ ഹൂവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നട ചിത്രങ്ങളിൽ ഇതിനകം പുനീത് അഭിനയിച്ചിട്ടുണ്ട്. ‘യുവരത്ന’ എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയത്.

Read More: കന്ന‍ഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kannada actor puneeth rajkumar dies due to heart attack celebrities pay condolences

Best of Express