കന്നഡ നടനും റിയാലിറ്റി ഷോ താരവുമായ ഹുച്ച വെങ്കട്ട് ആത്മഹത്യയ്ക്കു ശ്രമിച്ചു. റിയാലിറ്റി ഷോയിലെ തന്റെ ജോഡിയായ രചന വിവാഹ അഭ്യർഥന നിരസിച്ചതിൽ മനംനൊന്താണ് നടൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. റിയാലിറ്റി ഷോയായ സൂപ്പർ ജോഡി സീസൺ 2 വിലെ ജോഡികളാണ് വെങ്കട്ടും രചനയും. ബെംഗളൂരുവിലെ തന്റെ ഫാംഹൗസിൽ വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

രചനയുമായി താൻ പ്രണയത്തിലായിരുന്നെന്നും അവളെ തനിക്ക് മറക്കാൻ കഴിയില്ലെന്നും വെങ്കട്ടിന്റെ ആത്മഹത്യാ കുറിപ്പിലുളളതായി ന്യൂസ് 9 റിപ്പോർട്ട് ചെയ്തു. റിയാലിറ്റി ഷോയായ സൂപ്പർ ജോഡിയിൽ ഞങ്ങൾ രണ്ടുപേരും ജോഡികളായിരുന്നുവെന്നും ഈ സമയത്താണ് രചന താനുമായി പ്രണയത്തിലായതെന്നും ആത്മഹത്യാ കുറിപ്പിലുളളതായി റിപ്പോർട്ട് പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുൻപായി താൻ മരിക്കാൻ പോകുന്നതായി പറഞ്ഞ് രചനയ്ക്ക് വെങ്കട്ട് സന്ദേശം അയച്ചതായും വിവരമുണ്ട്. അതേസമയം, വെങ്കട്ടുമായി താൻ പ്രണയത്തിലാണെന്നതിനെ രചന നിരസിച്ചു.

2014 ൽ ഹുച്ച വെങ്കട്ട് എന്ന ചിത്രം വെങ്കട്ട് സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാവും അദ്ദേഹം തന്നെയായിരുന്നു. ബിഗ് ബോസ് കന്നഡ ഉൾപ്പെടെ നിരവധി ടിവി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

നേരത്തെ കന്നഡ നടി രമ്യയെ താൻ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് വെങ്കട്ട് രംഗത്ത് വന്നിരുന്നു. രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ