കന്നഡ താരവും ഫിറ്റ്നസ്സ് ട്രെയിനറുമായ സുശീൽ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാണ്ഡ്യയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

“മാണ്ഡ്യയിലെ ഇന്ദുവാലുവിലുള്ള വീട്ടിലാണ് സുശീൽ ഗൗഡയെ ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്,” മാണ്ഡ്യ പൊലീസ് സൂപ്രണ്ട് കെ.പരശുരം ഇന്ത്യൻ‌ എക്സ്പ്രസ് ഡോട്ട് കോമിനോടു പറഞ്ഞു.

കന്നഡ സീരിയൽ ‘അന്തപുര’യിലൂടെ ഏറെ ശ്രദ്ധേയനാണ് സുശീൽ. സീരിയലിൽ നിന്നും സിനിമാലോകത്തേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു സുശീൽ. ദുനിയ വിജയ് സംവിധാനം ചെയ്ത വരാനിരിക്കുന്ന ‘സലാഗ’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തെയും സുശീൽ അവതരിപ്പിച്ചിരുന്നു.

സലാഗയിൽ മിടുക്കനായ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് സുശീൽ അവതരിപ്പിച്ചത്. കന്നഡ സിനിമയിൽ ഉടനെ തന്നെ സുശീൽ മികച്ചൊരു സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപ് സുശീൽ വിട്ടുപോയത് ഏറെ വേദനാജനകമാണെന്നും ദുനിയ വിജയ് കുറിക്കുന്നു. “30 ദിവസത്തോളം നീണ്ട ഷൂട്ടിങ്ങിൽ കണ്ട പരിചയമേയുള്ളൂ. അവന്റെ കടന്നുപോക്ക് വളരെയധികം വേദന നൽകുന്നു. 30 വർഷമായി അവനെ വളർത്തിയ മാതാപിതാക്കളുടെ വേദന സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ”

എല്ലാ പ്രശ്നങ്ങൾക്കുമുള്ള മറുപടിയല്ല ആത്മഹത്യയെന്നും വിജയ് കുറിക്കുന്നു. “ഇത്തരം മരണങ്ങൾ ഈ വർഷം ഇവിടെ അവസാനിക്കുമെന്ന് ഞാൻ കരുതുന്നില്ല. കൊറോണ വൈറസ് മൂലം ആളുകൾക്ക് പ്രതീക്ഷയും ഉപജീവനവും നഷ്ടപ്പെടുന്നു. ഈ പ്രതിസന്ധിയെ മറികടക്കാനും കൊറോണയെ പരാജയപ്പെടുത്താനും നമ്മൾ ശക്തരായി തുടരേണ്ടതുണ്ട്,” ദുനിയ വിജയ് കൂട്ടിച്ചേർക്കുന്നു.

Read more: ഏറ്റവും പേടി മരണത്തെ, സുശാന്ത് ഒരിക്കൽ പറഞ്ഞത്; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook