മൈസൂർ: കാറപകടത്തിൽ പരുക്കേറ്റ കന്നടതാരങ്ങളെ മൈസൂരിലെ കൊളംബിയ​​ ഏഷ്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കന്നഡ താരങ്ങളായ ദർശൻ, ദേവരാജ്, പ്രജ്വൽ ദേവരാജ് എന്നിവർക്കാണ് മൈസൂർ റിംഗ്റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ പരുക്കേറ്റത്. അപകടത്തിൽ ദർശന്റെ വലതു കൈയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്.

മൈസൂർ റിംഗ്റോഡിലെ ഹിങ്കൽ പാലത്തിനു സമീപമുള്ള ഡിവൈഡറിലേക്ക് ദർശനും താരങ്ങളും സഞ്ചരിച്ച എസ്‌യുവി ഇടിച്ചു കയറുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. പുലർച്ചെ മൂന്നരയ്ക്കായിരുന്നു​ അപകടം. താരങ്ങളെ കൂടാതെ നാലുപേർ കൂടി കാറിലുണ്ടായിരുന്നു. നിയന്ത്രണം വിട്ട വണ്ടി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരാണ് അപകടസമയത്ത് വണ്ടി ഓടിച്ചതെന്നോ അപകട കാരണമെന്തെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. വാണിവിലാസപുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി ദർശൻ മൈസൂരിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ദസ്റ ആഘോഷവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുത്തതിനു ശേഷം മറ്റു താരങ്ങൾക്കൊപ്പം ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു ദർശൻ. താരങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംഭവമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ