ബെംഗളൂരു: ലൈംഗികാതിക്രമണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ ‘ആക്ഷൻ കിങ്’ എന്ന് വിളിപ്പേരുള്ള അർജുൻ സർജയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. അര്‍ജുനെതിരെ ലൈംഗികാതിക്രമണ ആരോപണവുമായി കന്നഡ നടി ശ്രുതി ഹരിഹരൻ ആണ് രംഗത്തെത്തിയിരുന്നത്. ശ്രുതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

2016 ൽ ഷൂട്ടിങ് നടന്ന ‘വിസ്മയ’ ബഹു ഭാഷാ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ശ്രുതി ഫെയ്സ്ബുക്കിൽ മീ ടൂ ആരോപണമുന്നയിച്ചത്. ‘അർജുൻ സർജയുടെ കൂടെ ഒരു ബഹു ഭാഷാ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു, അർജുന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്, എനിക്ക് കിട്ടിയ അവസരത്തിൽ വളരെയധികം സന്തോഷത്തിലായിരുന്നു’ ശ്രുതി ഫെയ്സ്ബുക്കിൽ കുറിച്ചു.

ചിത്രത്തിൽ അർജുന്റെ ഭാര്യയുടെ വേഷത്തിൽ പ്രണയ രംഗത്തിന്റെ റിഹേഴ്സൽ ചിത്രീകരിക്കുമ്പോൾ അർജുൻ മുന്നറിയിപ്പില്ലാതെ തന്നെ പുണർന്നുവെന്നാണ് ശ്രുതി പറയുന്നത്. അർജുന്റെ കൈകൾ പിന്നിൽ വളരെയധികം അടുപ്പത്തോടെ സ്പർശിച്ചുവെന്നും നടി പറയുന്നു. തന്നെ കെട്ടിപിടിച്ചു ചേർത്ത് നിർത്തിയതിന് ശേഷം ഇതുപോലെ അഭിനയിച്ചാൽ പോരേയെന്ന് സംവിധായകനോട് ചോദിക്കുകയായിരുന്നു. 50 ഓളം വരുന്ന സിനിമ സംഘത്തിന് മുൻപിൽ വച്ച് നടത്തിയ ഈ പ്രവൃത്തി തനിക്ക് വളരെയധികം പേടിപ്പെടുത്തുന്ന ഒന്നായിരുന്നു എന്ന് ശ്രുതി പറയുന്നു.

റിഹേഴ്സൽ കഴിഞ്ഞ ഉടനെ തന്നെ താനീ കാര്യം മേക്കപ്പ് സംഘത്തോട് പറഞ്ഞെന്നും അതിന് ശേഷം ഇപ്പോൾ തുറന്ന് പറയാൻ തീരുമാനിക്കുകയായിരുന്നെന്നും നടി ഫെയ്സ്ബുക്കിൽ പറയുന്നു. മുൻപും തനിക്കെതിരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്ന് നടി തുറന്ന് പറയുന്നുണ്ട്. മീ ടൂ വെളുപ്പെടുത്തലുകൾ നടത്തുന്ന സ്ത്രീകൾക്ക് എല്ലാവിധ ശക്തിയും ഉറപ്പ് നൽകുന്നുവെന്നും ശ്രുതി പറയുന്നു. രണ്ട് അഭിനേതാക്കൾ തമ്മിലുള്ള അതിര് അർജുൻ സാർജ ഇനിയും ലംഘിക്കാതിരിക്കാനാണ് താൻ ഇപ്പോൾ ഇത് തുറന്ന് പറയുന്നെതെന്നും ശ്രുതി വ്യക്തമാക്കി. എന്നാല്‍ പരാതി നല്‍കിയ ശ്രുതിക്കെതിരെ സോഷ്യൽ മീഡിയയില്‍ അധിക്ഷേപം ഉയര്‍ന്നിരുന്നു. ശ്രുതിയെ പിന്തുണച്ച് പ്രകാശ് രാജ് അടക്കമുളള പ്രമുഖര്‍ രംഗത്തെത്തി.

അതേസമയം, തനിക്കെതിരെ ഉയർത്തിയ ആരോപണം കള്ളമാണെന്നും കേട്ടപ്പോൾ ഞെട്ടി പോയെന്നും അർജുൻ സാർജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ചെന്നൈയ്ക്ക് അടുത്ത് അര്‍ജുന്‍ നിര്‍മ്മിക്കുന്ന വലിയൊരു ഹനുമാന്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്പിക്കാനാണ് ആരോപണം എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. ബിജെപി അനുഭാവിയായ അര്‍ജുനെതിരായ ഗൂഢാലോചനയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook