മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടെയും ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിമാരിൽ ഒരാൾ. ഇപ്പോഴിതാ, രണ്ടു യുവ താരങ്ങൾക്ക് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് കനിഹ.
പൃഥ്വിരാജിനും ജയംരവിക്കും ഒപ്പമുള്ള ചിത്രമാണ് കനിഹ ഷെയർ ചെയ്തിരിക്കുന്നത്. “ഇത് എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ് കാരണം ഈ ക്ലിക്ക് സ്പെഷ്യലാണ്, രണ്ടു വശത്തും രണ്ടു മികച്ച അഭിനേതാക്കൾ” കനിഹ കുറിച്ചു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’യിൽ കനിഹ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഹൈദരാബാദിലെ സെറ്റിൽ വെച്ച് എടുത്തിട്ടുള്ള ചിത്രമാണ് ഇത്.
രണ്ടു ദിവസങ്ങൾക്ക് മുൻപ് മീനയ്ക്ക് ഒപ്പമുള്ള ചിത്രവും കനിഹ പങ്കുവച്ചിരുന്നു. ഒരുമിച്ചു സ്ക്രീൻ പങ്കിടാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് കനിഹ ചിത്രം പോസ്റ്റ് ചെയ്തത്. മീനയും ‘ബ്രോ ഡാഡി’യിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Also read: പ്രിയപ്പെട്ടവന് പിറന്നാൾ ആശംസിച്ച് അമല
മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയും ബ്രോ ഡാഡിയുടെ ഭാഗമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്-ഫാമിലി ഡ്രാമയാണ് ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.
ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലും കനിഹ അഭിനയിക്കുന്നുണ്ട്. അതിന്റെയും ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.