കബാലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോയിലെ നായികയുമായ ധന്‍സികയെ പരസ്യമായി അപമാനിച്ച ടി.രാജേന്ദറിനെതിരെ നടി കനിഹ രംഗത്ത്. ടിആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ടു പോയെന്ന് കനിഹ പറഞ്ഞു. ഇത്തരത്തിലൊരു കാര്യം പറയണമെങ്കില്‍ നടിയോട് സ്വകാര്യമായി സംസാരിക്കണമായിരുന്നെന്നും പൊതുവേദിയില്‍ അപമാനിച്ചത് മോശമായിപ്പോയെന്നും കനിഹ കൂട്ടിച്ചേര്‍ത്തു. എത്രയൊക്കെ കഴിവുണ്ടെന്ന് പറഞ്ഞാലും നന്നായി പെരുമാറാന്‍ അറിയില്ലെങ്കില്‍ പിന്നെന്ത് ഗുണമാണുളളതെന്ന് കനിഹ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് വാർത്താ സമ്മേളനത്തിൽ തന്റെ പേര് പറയാൻ വിട്ടുപോയതിന് നടി ധൻസികയെ നടനും സംവിധായകനും നിര്‍മാതാവുമായ ടി.രാജേന്ദർ പരസ്യമായി അപമാനിച്ചത്. വിഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയാണ് ടി. രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. ധൻസിക സംസാരിച്ച് അവസാനിച്ചപ്പോൾ രാജേന്ദര്‍ ക്ഷുഭിതനാകുകയായിരുന്നു.

സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് പരാമര്‍ശിച്ചില്ല എന്നതാണ് രാജേന്ദറിനെ പ്രകോപിപ്പിച്ചത്. ‘സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ശേഷം ധന്‍സിക ഈ ടി.രാജേന്ദറിനെ മറന്നു. അതുകൊണ്ടാണ് അവള്‍ എന്റെ പേര് പോലും പറയാന്‍ മറന്നത്. ലോകത്തിന്റെ സ്‌റ്റൈല്‍ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ല”, രാജേന്ദര്‍ കുറ്റപ്പെടുത്തി.

‌രാജേന്ദറിന്റെ വാക്ക് കേട്ട് ധന്‍സിക മാപ്പ് പറഞ്ഞിട്ടും രാജേന്ദർ വെറുതെ വിട്ടില്ല.’നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാന്‍ കഴിയില്ല. മര്യാദ എന്താണെന്ന് ഞാന്‍ പഠിപ്പിച്ച് തരാം. ഒരു സഹോദരനെപ്പോലെ”. ശകാരം അതിരു കടന്നപ്പോൾ ധൻസിക പൊട്ടിക്കരഞ്ഞുപോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ