സജിൻ ബാബുവിന്റെ ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് കനി കുസൃതി. ചിത്രത്തിൽ ഖദീജ എന്ന മുസ്ലീം യുവതിയായാണ് കനി എത്തിയത്. തന്റെ കൈയിൽ നിന്ന് എല്ലാം അപഹരിച്ച ഒരു സമൂഹത്തോട് അസാധാരണവും കഠിനവുമായ പ്രതികാരം ചെയ്യുന്ന കഥാപാത്രമാണ് ഖദീജയുടേത്.
തുടക്കത്തിൽ ഈ വേഷം ചെയ്യാൻ താൻ മടിച്ചതിന്റെ ഒരു കാരണം ഖദീജയെ പ്രേരിപ്പിക്കുന്ന കോപവും നിരാശയും മനസിലാക്കുമ്പോൾ തന്നെ, ചിത്രത്തിന്റെ ഗതിയിൽ കഥാപാത്രം എടുക്കുന്ന തീരുമാനങ്ങളോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നു എന്നതാണെന്ന് കനി പറയുന്നു. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു കനിയുടെ വെളിപ്പെടുത്തൽ.
“ഞങ്ങളുടെ സാമൂഹിക പശ്ചാത്തലങ്ങൾ വളരെ വ്യത്യസ്തമാണ്, മാത്രമല്ല അവൾക്കില്ലാത്ത ഒരുപാട് പ്രിവിലേജുകളും എനിക്കുണ്ട്. എന്നാൽ നിങ്ങൾ ഒരു വേഷം ചെയ്യുമ്പോൾ, നിങ്ങളുടെ കഥാപാത്രം ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുകയോ മനസിലാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അല്ലെങ്കിൽ, ഇത് ബോറടിപ്പിക്കും,” കനി പറയുന്നു.
Read More: ഒരു സംഭവമായി തിരിച്ചുവരാം എന്നോർത്താണ് ഞാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്; സ്വാസികയുടെ കഥ
സ്വന്തം ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അത് മറ്റൊരു ജീവിതം ജീവിക്കുന്നതു പോലെയാണെന്ന് കനി പറയുന്നു.
നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രത്തിലെ ചില രംഗങ്ങളെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നു എന്നും കനി പറയുന്നു.
“ഈ വേഷത്തിനായി സജിൻ എന്നെ സമീപിച്ചപ്പോൾ, അത് അൽപ്പം കൂടുതലാണെന്ന് എനിക്ക് തോന്നി. അതിൽ മെയിൽ ഗേസ് ഉണ്ടെന്ന് എനിക്കറിയാം. പുരുഷ സംവിധായകരിൽ, ചിലപ്പോൾ വനിതാ സംവിധായകരിൽ പോലും അത് ഒഴിവാക്കാനാവില്ല. ആ വേഷം ചെയ്യുന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. വീണ്ടും സജിൻ എന്നെ സമീപിച്ചു. ആ വേഷം അദ്ദേഹം എന്നെ മനസ്സിൽ വച്ചാണ് എഴുതിയതെന്ന് പറഞ്ഞു. എന്റെ മുമ്പത്തെ വേഷങ്ങളിലൊന്നും ഇതുപോലെയുള്ള ശരിയായ തുടക്കവും മധ്യവും അവസാനവുമുണ്ടായിരുന്നില്ല, അതിനാൽ ഒരു അവസരമായി ഇതിനെ കാണാൻ ഞാൻ തീരുമാനിച്ചു,” കനി പറയുന്നു.
പുരസ്കാരം നേടിയതിന് ശേഷമുള്ള കനിയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ് കേരളമെന്നും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നുമായിരുന്നു കനി പറഞ്ഞത്.
“ഇത്രയധികം വർഷങ്ങളായിട്ടും വളരെ ചെറിയ മാറ്റമേ ഇവിടെ ഉണ്ടായിട്ടുള്ളു. നാടകത്തിലും സിനിമയിലുമായുള്ള എന്റെ അഭിനയ ജീവിതത്തിൽ, വളരെ കഴിവുള്ളതും കഠിനാധ്വാനികളുമായ നിരവധി സഹപ്രവർത്തകരെ ഞാൻ കണ്ടിട്ടുണ്ട്, അവരുടെ പശ്ചാത്തലം കാരണം ഒരു ഓഡിഷൻ പോലും ലഭിക്കുന്നില്ല,”
കനി പറഞ്ഞു.
ആന്തോളജി ചിത്രമായ കേരള കഫേയിൽ (2009) അരങ്ങേറ്റം കുറിച്ച കനി 10 വർഷത്തിലേറെയായി സിനിമകളിൽ സജീവമാണ്. മലയാളത്തിലെയും തമിഴ് ചിത്രങ്ങളിലെയും ചെറിയ വേഷങ്ങൾ ചെയ്തു. സർജുൻ കെ.എം എഴുതിയ തമിഴ് ഷോർട്ട് ഫിലിം മാ (2018) എന്ന ചിത്രത്തിലെ ഗർഭിണിയായ കൌമാരക്കാരിയുടെ അമ്മയെന്ന കഥാപാത്രമാണ് ബിരിയാണിയിലെ വേഷത്തിലേക്ക് കനിയെ സമീപിക്കാൻ സജിൻ ബാബുവിനെ പ്രേരിപ്പിച്ചത്.
“നാടകങ്ങളിലെ കനിയുടെ പ്രകടനത്തെ കുറിച്ച് എനിക്ക് നേരത്തേ അറിയാമായിരുന്നു. എന്നാൽ മാ എന്ന ഹ്രസ്വചിത്രത്തിൽ ഞാൻ തേടിക്കൊണ്ടിരുന്ന ആ സ്പാർക്ക് എനിക്ക് കാണാനായി,” സജിൻ പറയുന്നു.
തുടർന്ന് ചിത്രീകരണം ആരംഭിച്ചപ്പോൾ തന്റെ തീരുമാനം ശരിയായിരുന്നു എന്ന് സജിന് ബോധ്യമായി.
“സംവിധായകന് എന്താണ് വേണ്ടതെന്ന് മനസിലാക്കാൻ അവൾ മൂന്ന് മിനിറ്റെടുക്കും, തുടർന്ന് അവർ ആ കഥാപാത്രത്തെ ആന്തരികവൽക്കരിക്കുന്നു,” സജിൻ പറയുന്നു.
മൂന്ന് വർഷം മുൻപ് നടന്ന, മലയാള സിനിമയെ തന്നെ പിടിച്ചുലച്ച നടി ആക്രമിക്കപ്പെട്ട കേസിലും കൃത്യമായ നിലപാടെടുത്ത കലാകാരിയാണ് കനി. സിനിമയിൽ താൻ നേരിട്ടിട്ടുള്ള സ്ത്രീ വിരുദ്ധതയെ കുറിച്ച് കനി അന്ന് തുറന്ന് സംസാരിച്ചിരുന്നു. മൂന്ന് വർഷത്തിനിപ്പുറം കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് കനി പറയുന്നത്.
“ആളുകൾ കുറച്ചുകൂടി സെൻസിറ്റീവ് ആകുകയും സിനിമ സെറ്റുകളിൽ ജനാധിപത്യമര്യാദ ഉണ്ടാകുകയും ചെയ്തു. കഴിഞ്ഞ പത്തുവർഷത്തിനിടെ സിനിമ തന്നെ മാറി. പഴയ സമ്പ്രദായങ്ങളൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, എനിക്ക് പ്രതീക്ഷയുണ്ട്,” കനി പറഞ്ഞു.
Read More in English: An Independent Woman