കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന് സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന് കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ‘പുഴു’ എന്ന ചിത്രത്തിൽ പോലും ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ ആണ് പ്രേക്ഷകർ കണ്ടത്. തന്നിലെ പ്രതിഭയെ നിരന്തരം തേച്ചു മിനുക്കുകയാണ് അഭിനയത്തോട് അതിതീവ്രമായ പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഈ നടൻ.
മമ്മൂട്ടിയെ കുറിച്ച് കനി കുസൃതി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. “എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹമിനിയും ആയിരം വർഷം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭിനയമെന്നത് വെറും ‘പെരുമാറ്റ’മല്ലെന്ന് ഞങ്ങളെ ഓർമ്മിപ്പിച്ചതിന് നന്ദി. അതിനു ശേഷം എന്താണെന്നതാണ് പ്രധാനം,” കനി കുസൃതി കുറിക്കുന്നു.
സിനിമയിൽ അഭിനയിക്കുന്ന നടൻ എന്ന രീതിയിൽ തനിക്ക് ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ടെന്നും തന്റെ ആഗ്രഹങ്ങളാണ് ഇവിടം വരെ എത്തിച്ചതെന്നും മമ്മൂട്ടി തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. “എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കിൽ ആവേശം അതാണെന്നെ നടനാക്കിയത്. എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാൻ കണ്ടെത്തിയിരുന്നില്ല. മറ്റു നടന്മാർ അഭിനയിക്കുന്നത് കാണുമ്പോൾ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ആ ആഗ്രഹം കൊണ്ട് ഞാൻ വളർത്തിയെടുത്ത, ഞാൻ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോൾ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്,” ഒരിക്കൽ നേരെ ചൊവ്വെയിൽ അതിഥിയായി എത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞതിങ്ങനെ.