നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം. ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരമാണ് കനി കുസൃതി സ്വന്തമാക്കിയത്. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസാക്കിസ്ഥാൻ സിനിമ നിർമാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
‘ബിരിയാണി’ മുൻപ് റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരം നേടുകയും ചെയ്തിരുന്നു. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നിവയും നേടിയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നായ 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സരവിഭാഗത്തിലും അമേരിക്ക, ഫ്രാൻസ്, ജർമനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒരു മുസ്ലീം സ്ത്രീയുടെ ജീവിത കഥയാണ് ബിരിയാണിയുടെ പ്രധാന പ്രമേയം. ഖദീജ എന്ന പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ കനി അവതരിപ്പിച്ചത്.
സജിൻ ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയില്‍ കനി കുസൃതിയെക്കൂടാതെ ശൈലജ, സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തോന്നക്കല്‍ ജയചന്ദ്രന്‍, ശ്യാം റെജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കാര്‍ത്തിക് മുത്തുകുമാറും ഹരികൃഷ്ണന്‍ ലോഹിതദാസും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ലിയോ ടോം സംഗീത സംവിധാനവും നിധീഷ് ചന്ദ്ര ആചാര്യ കലാസംവിധാനവും നിർവഹിച്ചു.
Read more: അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന ഒരച്ഛൻ മകള്‍ക്ക് അയച്ച കത്ത്