ബോളിവുഡിലെ ക്യൂനാണ് കങ്കണാ റണാവത്. ഓരോ ചിത്രവും അഭിനയമികവ് മാത്രമല്ല തന്റെ നിലപാട് കൂടെ അറിയിക്കാനുള്ള ടൂളായാണ് കങ്കണ ഉപയോഗിക്കുന്നത്. കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം മെന്റല്‍ ഹേ ക്യാ ആണ്. ചിത്രത്തില്‍ നായകനാകുന്നത് രാജ്കുമാര്‍ റാവുവാണ്. ദേശീയ അവാര്‍ഡ് ജേതാക്കളായ ഇരുവരും വീണ്ടും ഒരുമിക്കുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് ഈ ചിത്രം തെരഞ്ഞെടുത്തു എന്ന് മനസു തുറന്നിരിക്കുകയാണ് കങ്കണ.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജീവിതം എന്റെ മുന്നില്‍ തുറന്ന് കാണിച്ചത് എന്തെന്നാല്‍ വ്യത്യസ്തയായി ഇരിക്കുക എന്നതില്‍ ഒരുപാട് നിഗൂഢതകള്‍ ഉണ്ടെന്നുള്ള തിരിച്ചറിവായിരുന്നു.’ താരം പറയുന്നു. തന്റെ ജീവിതത്തിലെ അനുഭവങ്ങളും സിനിമ തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചതായി കങ്കണ പറയുന്നു.

‘ഭ്രാന്തി, മനോരോഗി ഈ വാക്കുകളായിരുന്നു എന്നെ അപമാനിക്കുന്നതിനായി അന്ന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇവ ഒരിക്കലും ശാപവചനകളായി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഈ തിരക്കഥ വന്നപ്പോള്‍ എനിക്കറിയാമായിരുന്നു ഇതിന് ചുറ്റുമുള്ള നിഗൂഢതകള്‍ പൊളിച്ചെടുക്കാന്‍ ഞാന്‍ ഈ കഥാപാത്രം തിരഞ്ഞെടുക്കണമായിരുന്നു എന്ന്. നമ്മള്‍ വ്യക്തിത്വം ആഘോഷമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആളുകളെ ദയനീയവും സഹാനുഭൂതിയും ആവശ്യപ്പെടുന്ന പ്രതീകങ്ങളായി ഞങ്ങള്‍ കാണിക്കില്ല. ഈ പ്രശ്നം ഞങ്ങള്‍ കാര്യഗൗരവത്തോട് കൂടി തന്നെ അവതരിപ്പിക്കും. വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനെ ഭ്രാന്തായി കണക്കാക്കുന്നതിന് എതിരേയാണ് ഈ ചിത്രം നിലകൊള്ളുന്നത്.’ കങ്കണ വ്യക്തമാക്കുന്നു.

നേരത്തെ, വേറിട്ട തിരക്കഥയാണ് ചിത്രം തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നായകന്‍ രാജ്കുമാര്‍ റാവു വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ