മുംബൈ: കങ്കണ റാണാവതിന്റെ പുതിയ സിനിമയായ സിമ്രാനിൽ കത്രിക വെട്ടുമായി സെന്‍സര്‍ ബോർഡ്. അമിതമായ ലൈംഗികത പ്രദര്‍ശിപ്പിച്ചെന്ന കാരണത്താലാണ് സെന്‍സര്‍ബോര്‍ഡ് ഇടപെട്ടതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് പത്തോളം സ്ഥലത്ത് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കത്രിക വെച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സിനിമയിലെ ചില അശ്ലീല വാക്കുകള്‍, കങ്കണയുടെ അമിതമായ ശബ്ദം തുടങ്ങിയവ വെട്ടിമാറ്റിയവയില്‍ ഉള്‍പ്പെടുന്നു. ലൈംഗിക ബന്ധത്തിനിടെയുള്ള കങ്കണയുടെ അശ്ലീല ശബ്ദമാണ് വെട്ടിമാറ്റിയത്. സിനിമയില്‍ യഥാര്‍ഥത്തില്‍ അത്തരമൊരു ശബ്ദത്തിന്റെ ആവശ്യമില്ലെന്നും അത് ആളുകളെ വഴിതെറ്റിക്കുന്നതാണെന്നും സെന്‍സര്‍ബോര്‍ഡിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ഹന്‍സാല്‍ മെഹ്തയാണ് ‘സിമ്രാന്‍’ സംവിധാനം ചെയ്തിരിക്കുന്നത്. വാതുവെപ്പില്‍ തകര്‍ന്ന സ്ത്രീയുടെ കഥ പറയുന്ന സിനിമയില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. പ്രഫുല്‍ പട്ടേലിന്റെ കഥയുടെ ചലചിത്രാവിഷ്‌കാരമാണ് സിമ്രാന്‍. സിനിമയിലെ ലൈംഗിക അതിപ്രസരം റിലീസിന് മുന്നേ സംസാരവിഷയമായിരുന്നു. സെന്‍സര്‍ ബോര്‍ഡ് കത്രികവെച്ചതോടെ പ്രേക്ഷകരില്‍ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ