മുംബൈ: നാല്‍പതോളം സൈനികരുടെ ജീവനെടുത്ത പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ സിനിമാ ലോകത്തെ പലരും പ്രതിഷേധിച്ചിരുന്നു. വളരെ ശക്തമായ ഭാഷയിലായിരുന്നു നടിയായ കങ്കണ റണാവത്ത് നേരത്തേ രംഗത്തെത്തിയിരുന്നത്. ബോളിവുഡിലെ പലരും പാക്കിസ്ഥാനെ പിന്തുണയ്ക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ കങ്കണയുടെ പരാമര്‍ശം. ‘ബോളിവുഡിലെ രാജ്യദ്രോഹികള്‍’ എന്ന വാക്ക് ഉപയോഗിച്ചായിരുന്നു കങ്കണയുടെ വിമര്‍ശനം.

എന്നാല്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ കങ്കണ. ഇന്ത്യ ടുഡെയുടെ ഒരു പരിപാടിയില്‍ വെച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ‘പാക്കിസ്ഥാന് വിലക്ക് ഏര്‍പ്പെടുത്തുകയല്ല വേണ്ടത്. നമ്മുടെ ലക്ഷ്യം പാക്കിസ്ഥാന്റെ നാശമാണ്. ഉറി ആക്രമണത്തിനും പുല്‍വാമയ്ക്കും ശേഷവും പാക് കലാകാരന്മാരുമായി ബന്ധം പുലര്‍ത്തുന്ന ബോളിവുഡ് രാജ്യദ്രോഹികളുണ്ട്,’ കങ്കണ പറഞ്ഞു.

‘ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും പൈശാചികമായ ആക്രമണമാണ് ഉണ്ടായത്. ആ ക്രൂരത എന്നെ വല്ലാതെ ഉലച്ചിരുന്നു. അങ്ങനെ നമ്മുടെ വികാരത്തിന്റെ ഇരയായി നമുക്ക് തുടരാനാവില്ല. അപ്പോള്‍ അത് മറികടക്കാന്‍ എന്ത് ചെയ്യണമെന്ന് നമ്മള്‍ ആലോചിക്കും. അപ്പോള്‍ അതിര്‍ത്തിയിലേക്ക് പോവാനാണ് എനിക്ക് തോന്നിയത്. ആരുടേയെങ്കിലും തോക്ക് തട്ടിപ്പറിച്ച് വേണ്ടത് ചെയ്യാന്‍ തോന്നി,’ കങ്കണ പറഞ്ഞു.

Read more: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൂ: മോദിയോട് കങ്കണ റണാവത്ത്

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ ചിത്രത്തിന്‍റെ വിജയാഘോഷം കങ്കണ മാറ്റി വച്ചിരുന്നു. കങ്കണയുടെ ചിത്രം ‘മണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സി’ക്കെതിരെ ആദ്യ സംവിധായകന്‍ കൃഷും നടി മിഷ്തി ചക്രവര്‍ത്തിയും രംഗത്തെത്തിയതോടെ ചിത്രം വിവാദമായിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കിടയിലും ചിത്രം വിജയ പ്രദര്‍ശനം തുടരുകയാണ്.

Read more:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook