രാമജന്മഭൂമി-ബാബ്റി മസ്ജിദ് തർക്ക വിഷയം സിനിമയാകുന്നു. മണികർണികയിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച നടി കങ്കണ റണാവത്താണ് ചിത്രം നിർമിക്കുന്നത്. ‘അപരാജിത അയോധ്യ’ എന്നാണ് ചിത്രത്തിന്റെ പേര്.

“നൂറു കണക്കിന് വർഷങ്ങളായി കത്തുന്ന ഒരു വിഷയമായിരുന്നു അയോധ്യ ഭൂമി തർക്കം. ത്യാഗത്തിന്റെ ആൾരൂപമായ ഒരു രാജാവ് ജനിച്ച ഭൂമി ഒരു സ്വത്ത് തർക്കത്തിന് വിഷയമായതിനാൽ 80കളിൽ ജനിച്ച ഒരു വ്യക്തി എന്ന നിലയിൽ, അയോധ്യയുടെ പേര് ഒരു നെഗറ്റീവ് വെളിച്ചത്തിൽ കേട്ടാണ് ഞാൻ വളർന്നത്. ഈ കേസ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റി. ഒടുവിൽ ഇന്ത്യയുടെ മതേതര മുഖം കാത്തുസൂക്ഷിച്ചുകൊണ്ട് നൂറ്റാണ്ടുകളായുള്ള തർക്കത്തിൽ വിധി വന്നു. വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് ‘അപരാജിത അയോധ്യ’ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. ഇത് ഞാൻ എന്ന വ്യക്തിയുടെ യാത്രയുടെ കൂടി പ്രതിഫലനമായതിനാൽ, എന്റെ ആദ്യ നിർമാണ സംരംഭമായി ഈ ചിത്രം തന്നെ തിരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു,” പ്രസ്താവനയിൽ കങ്കണ വ്യക്തമാക്കി.

Read More: ‘തലൈവി’യായി കങ്കണ; ഫസ്റ്റ് ലുക്ക് പുറത്ത്

‘അപരാജിത അയോധ്യ’യുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ‘ബാഹുബലി: ദി ബിഗിനിങ്’, ‘ബജ്‌റംഗി ഭൈജാൻ’, ‘ബാഹുബലി 2: ദി കൺക്ലൂഷൻ’, ‘മഗധീര’, ‘ഈഗ’ എന്നിവയുടെ ഭാഗമായ കെ‌.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

നിലവിൽ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയിലാണ് കങ്കണ റണാവത്ത് അഭിനയിക്കുന്നത്. ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലാണ് താരം എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കങ്കണയുടെ ലുക്ക് ജയലളിതയെ പോലെ തോന്നുന്നില്ല എന്ന കമന്റുകളും ഫസ്റ്റ് ലുക്കിന് താഴെ വന്നിട്ടുണ്ട്.

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലമെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്ത. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ.എൽ.വിജയ് ആണ്.

‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും തങ്ങൾ എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook