ബോളിവുഡിന്റെ പ്രമുഖ താരദമ്പതികൾ തന്നെ പിന്തുടർന്നെന്ന് ആരോപണവുമായി നടി കങ്കണ റണൗട്ട്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കങ്കണ പറഞ്ഞത്.
“എന്നെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരറിയാൻ, ആരും ക്യാമറയുമായി ഇപ്പോൾ എന്നെ പിന്തുടരുന്നില്ല. ചില ആളുകൾക്ക് ഒളിച്ചിരിക്കേണ്ട ആവശ്യമുണ്ട്. ഇതിനു പിന്നിലുള്ളവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടിൽ വന്ന് ഞാൻ അടിക്കുമെന്നതാണ്.നിങ്ങൾ എനിക്ക് മാനസികമായി പ്രശ്‌നമുണ്ടെന്ന് വിചാരിക്കുന്നു പക്ഷെ ശരിക്കും എനിക്കു ഭ്രാന്ത് വരുന്ന അവസ്ഥ നിങ്ങൾ കണ്ടിട്ടില്ല” കങ്കണ കുറിക്കുന്നു.
ഈയടുത്ത് മാതാപിതാക്കളായ താരദമ്പതികൾക്കെതിരെ ഇതിനു മുൻപും കങ്കണ രംഗത്തു വന്നിരുന്നു. ദമ്പതികൾ തന്നെ പിന്തുടരുന്നു എന്നാണ് കങ്കണയുടെ ആരോപണം. കാസനോവ എന്നാണ് ദമ്പതികളിലെ ഭർത്താവിനെ കങ്കണ വിശേഷിപ്പിച്ചത്. അദ്ദേഹം തന്റെ ഭാര്യയെ നിർമാണ മേഖലയിലേക്കിറങ്ങാൻ നിർബന്ധിക്കുന്നെന്നും കങ്കണയെ പോലെ സ്ത്രീപക്ഷ സിനിമകളാണ് അവർ കൂടുതൽ ചെയ്യുന്നതെന്നും പറയുന്നു.

“എന്റെ വാട്ട്‌സപ്പ് വിവരങ്ങളെല്ലാം ചോർന്നിട്ടുണ്ടാകുമെന്ന് ഉറപ്പുണ്ട്. നെപ്പോട്ടിസം മാഫിയയുടെ മേധാവിയായ അയാൾ ഒരു സ്ത്രീലമ്പണനാണ്. ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വാതിൽക്കൽ വന്ന് മുട്ടി ശാരീരകബന്ധത്തിന് നിർബന്ധിച്ച അയാൾ ഇന്ന് നെപ്പോട്ടിസം മാഫിയയുടെ വൈസ് പ്രസിഡന്റാണ്. അയാളുടെ ഭാര്യ എന്നെ പോലെ വസ്ത്രം ധരിക്കുന്നു, വീടിന്റെ ഇന്റീരിയർ അതേ പോലെ പകർത്തുന്നു, എന്റെ സ്റ്റൈലിസ്റ്റിനെ എന്നിൽ നിന്ന് അകറ്റുന്നു” കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ധാകട്’ എന്ന ചിത്രമാണ് കങ്കണയുടേതായി അവസാനം പുറത്തിറങ്ങിയത്. അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘എമർജൻസി’യാണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം. മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ സ്ക്രീനിലെത്തുക.