കങ്കണ റണൗത്ത് ലക്ഷ്‌മി ഭായ് ആയെത്തുന്നു. ലക്ഷ്‌മി ഭായ്‌യുടെ ജീവിതം പറയുന്ന മണികർണിക-ദി ക്യൂൻ ഓഫ് ജാൻസി എന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണ് കങ്കണയിപ്പോൾ. കുതിരപ്പുറത്തുളള യാത്രയും വാൾപയറ്റുമെല്ലാം പരിശീലിച്ച് ചിത്രത്തിലെ കഥാപാത്രമാവാനുളള കഠിന പരിശീലനത്തിലാണ് താരമെന്നാണ് സിനിമാ ലോകത്ത് നിന്നുളള വിവരം. ചിത്രത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി കങ്കണ കുതിര സവാരി പരിശീലിക്കുന്ന താരത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്.

വ്യത്യസ്‌തമായ വേഷപകർച്ചകളിലൂടെയും ഭാവപകർച്ചകളിലൂടെയും നമ്മെ വിസ്‌മയിപ്പിച്ച കങ്കണ റണൗത്തിന്റെ ശക്തമായ മറ്റൊരു കഥാപാത്രമായിരിക്കുമിതെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.

രംഗൂണാണ് അവസാനമായി പുറത്തിറങ്ങിയ കങ്കണയുടെ ചിത്രം. രംഗൂണിന് ശേഷം കങ്കണയെത്തുന്നത് മണികർണിക-ദി ക്യൂൻ ഓഫ് ജാൻസിയിലാണ്. ഇങ്ങനെയൊരു ചിത്രം വരുന്നുവെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നെങ്കിലും അതിന്റെ ചിത്രീകരണം തുടങ്ങുന്നതിനെ സംബന്ധിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അതിനെല്ലാം വിരാമമിട്ട് കൊണ്ടാണ് കങ്കണ കഥാപാത്രമാവാനുളള പരിശീലനങ്ങളും തയ്യാറെടുപ്പുകളും തുടങ്ങിയിരിക്കുന്നത്.

ബാഹുബലി, ബജ്റംഗി ബായ്ജൻ തുടങ്ങിയ ചിത്രങ്ങൾക്ക് പേന ചലിപ്പിച്ച കെ.വി.വിജയേന്ദ്ര പ്രസാദാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ ധീരയായ വനിതയാണ് ലക്ഷ്മി ഭായ്. 1857ലെ സ്വാതന്ത്ര സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ച ധീര വനിതയാണ്. ലക്ഷ്‌മിഭായിയുടെ ചെറുപ്പത്തിലെ പേര് മണികർണികയെന്നായിരുന്നു. ജാൻസിയിലെ രാജാവായ ഗംഗാധർ റാവു നേവാൾക്കറിനെ വിവാഹം ചെയ്‌ത ശേഷമാണ് മണികർണിക എന്ന പേര് മാറ്റി ലക്ഷ്‌മിഭായിയാവുന്നത്. തന്റെ കുതിരയായ ബാദലുമായി ഒരു പ്രത്യേക ആത്മബന്ധം ലക്ഷ്‌മിഭായ് പുലർത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ